അമ്മ പ്രസിഡന്റായി മോഹൻലാൽ തുടരും; ജനറൽ സെക്രട്ടറി സ്ഥാനത്തേക്ക് മത്സരം

 | 
Mohanlal

മലയാള ചലച്ചിത്ര താരങ്ങളുടെ സംഘടനയായ അമ്മയുെട പ്രസിഡന്റ് പദവിയിൽ നടൻ മോഹൻലാൽ തുടരും. ഈ പദവിയിൽ അദ്ദേഹത്തിന് ഇത് മൂന്നാമൂഴമാണ്. അതേസമയം, ജനറൽ സെക്രട്ടറി, വൈസ് പ്രസിഡന്റ് പദവികളിലേക്കുള്ള തിരഞ്ഞെടുപ്പ് ഈ മാസം 30ന് നടക്കും. കൊച്ചി ഗോകുലം കൺവെൻഷൻ സെന്ററിലാണ് തിരഞ്ഞെടുപ്പ് നടക്കുക. വോട്ടിങ് അവകാശമുള്ള 506 അംഗങ്ങളാണ് അമ്മയിലുള്ളത്.

താൻ വഹിച്ചിരുന്ന ജനറൽ സെക്രട്ടറി പദവിയിൽ നിന്ന് ഒഴിയുകയാണെന്ന് ഇടവേള ബാബു അടുത്തിടെ വ്യക്തമാക്കിയിരുന്നു. അമ്മ രൂപീകരിച്ച 1994 മുതൽ അംഗമായ ഇടവേള ബാബു ജോയിന്റ് സെക്രട്ടറിയായും സെക്രട്ടറിയായും ജനറൽ സെക്രട്ടറിയായും സജീവമായ മൂന്ന് പതിറ്റാണ്ടിൽനിന്നാണ് ഇടവേളയെടുക്കുന്നത്. മോഹൻലാൽ അമ്മ പ്രസിഡന്റ് സ്ഥാനത്തു തുടരാനും ധാരണയായിരുന്നു.

താര സംഘടനയുടെ പുതിയ ഭാരവാഹികളെ തിരഞ്ഞെടുക്കാനുള്ള പത്രികാ സമർപ്പണത്തിന്റെ സമയം കഴിഞ്ഞപ്പോൾ പ്രസിഡന്റ് സ്ഥാനത്ത് മോഹൻലാൽ മാത്രമാണ് ഉണ്ടായത്. സിദ്ധിഖ്, കുക്കു പരമേശ്വരൻ, ഉണ്ണി ശിവപാൽ എന്നിവരാണ് ജനറൽ സെക്രട്ടറി പദവിയിലേക്ക് മത്സരിക്കുന്നത്. ജനറൽ സെക്രട്ടറി പദവിയിലേക്കുള്ള മത്സരം കടുത്തതായിരിക്കും എന്നാണ് കരുതുന്നത്. വൈസ് പ്രസിഡന്റ് പദവിയിൽ നിലവിൽ ഉണ്ടായിരുന്നത് ശ്വേത മേനോൻ, മണിയൻപിള്ള രാജു എന്നിവരായിരുന്നു. ഈ പദവികളിലേക്ക് ജഗദീഷ്, ജയൻ ചേർത്തല, മഞ്ജു പിള്ള എന്നിവരാണ് മത്സരിക്കുന്നത്.

സുധീർ കരമന, സുരഭി ലക്ഷ്മി, ബാബുരാജ്, ടൊവീനോ തോമസ്, മഞ്ജു പിള്ള, ടിനി ടോം, ഉണ്ണി മുകുന്ദൻ, ലെന, രചന നാരായണൻ കുട്ടി, ലാൽ എന്നിവരായിരുന്നു കാലാവധി കഴിയുന്ന എക്സിക്യൂട്ടീവ് കമ്മിറ്റിയിലെ അംഗങ്ങൾ.