തമിഴ്‌നാട്ടില്‍ റൗഡിസം വളരുന്നതിന് കാരണം നയന്‍താരയും വിഘ്‌നേഷും! പോലീസില്‍ പരാതി

തമിഴ്‌നാട്ടില്‍ റൗഡിസം വളരുന്നതിന് കാരണം നയന്‍താരയും വിഘ്‌നേഷുമാണെന്ന് പോലീസില്‍ പരാതി. സാലിഗ്രാം സ്വദേശി കണ്ണന്‍ എന്നയാളാണ് ഇക്കാര്യം ചൂണ്ടിക്കാട്ടി പോലീസില്‍ പരാതി നല്‍കിയിരിക്കുന്നത്. നയന്‍താരയുടെയും വിഘ്‌നേഷിന്റെയും പ്രൊഡക്ഷന്‍ കമ്പനിയുടെ പേര് പരാമര്‍ശിച്ചാണ് പരാതി. റൗഡി പിക്‌ചേഴ്‌സ് എന്നാണ് ഇവരുടെ നിര്‍മാണ കമ്പനിയുടെ പേര്.
നയന്‍ താരയും വിജയ് സേതുപതിയും മുഖ്യവേഷങ്ങളില്‍ അഭിനയിച്ച് വിഘ്‌നേഷ് ശിവന്‍ സംവിധാനം ചെയ്ത നാനും റൗഡി താന്‍ എന്ന ചിത്രം വന്‍ വിജയമായിരുന്നു. ഇതിന് ശേഷമാണ് നയന്‍താരയും വിഘ്‌നേഷും ചേര്‍ന്ന് റൗഡി പിക്‌ചേഴ്‌സ് സ്ഥാപിച്ചത്. ഈ പേര് തമിഴ്‌നാട്ടില്‍ റൗഡിസം വളരാന്‍ കാരണമാകുമെന്ന് ചെന്നൈ സിറ്റി പോലീസ് കമ്മീഷണര്‍ക്ക് നല്‍കിയ പരാതിയില്‍ കണ്ണന്‍ പറയുന്നു.
റൗഡിസത്തിനെതിരായി തമിഴ്‌നാട് പോലീസ് ശക്തമായ നടപടികള്‍ സ്വീകരിക്കുന്നതിനിടെ യുവാക്കള്‍ ആരാധനയോടെ കാണുന്ന താരങ്ങള്‍ പ്രൊഡക്ഷന്‍ ഹൗസിന്റെ പേര് ഇത്തരത്തില്‍ ഇടുന്നത് തെറ്റായ മാതൃകയാണെന്നും പരാതിയില്‍ പറയുന്നു. റോക്കി, പെബിള്‍സ് തുടങ്ങിയ ചിത്രങ്ങള്‍ റൗഡി പിക്‌ചേഴ്‌സാണ് നിര്‍മിച്ചത്.