ചത്ത തിമിംഗലത്തിന്റെ മുകളിൽ കയറി യുവാവിന്റെ സാഹസിക പ്രകടനം

സാഹസികത എന്നും യുവാക്കൾക്ക് ഒരു ഹരമാണ്. കഴിഞ്ഞ ദിവസം വടക്കൻ ഓസ്ട്രേലിയയുടെ തീരത്തോടടുത്ത് ഒരു ചെറുപ്പക്കാരൻ നടത്തിയ ജീവൻ പണയം വച്ചുള്ള സാഹസിക യാത്ര അൽപം കടന്നുപോയി. ഹാരിസൺ വില്യംസ് എന്ന 26 കാരനാണ് കഥയിലെ നായകൻ.
 | 

 

ചത്ത തിമിംഗലത്തിന്റെ മുകളിൽ കയറി യുവാവിന്റെ സാഹസിക പ്രകടനം

 

പെർത്ത്: സാഹസികത എന്നും യുവാക്കൾക്ക് ഒരു ഹരമാണ്. കഴിഞ്ഞ ദിവസം വടക്കൻ ഓസ്‌ട്രേലിയയുടെ തീരത്തോടടുത്ത് ഒരു ചെറുപ്പക്കാരൻ ജീവൻ പണയം വച്ചു നടത്തിയ സാഹസിക യാത്ര അൽപം കടന്നുപോയി. ഹാരിസൺ വില്യംസ് എന്ന 26 കാരനാണ് കഥയിലെ നായകൻ. 12 മീറ്ററോളം നീളമുള്ള തിമിംഗലത്തിന്റെ ജഡത്തിന് മുകളിൽ ഇയാൾ കയറിയതായിരുന്നു വാർത്ത. ഇതാണോ ഇത്ര വലിയ കാര്യം എന്ന് ചിന്തിക്കാൻ വരട്ടെ. തിമിംഗലത്തിന്റെ മാംസം തിന്നാൽ ചുറ്റും കൂടിയ സ്രാവുകൾക്ക് സമീപത്തേക്കായിരുന്നു വില്യംസിന്റെ ചാട്ടം.

തിമിംഗലത്തിന് മുകളിൽ കയറി സർഫ് ചെയ്യുന്നത് വളരെ രസകരമായിരിക്കുമെന്ന് കൂട്ടുകാരിലൊരാൾ പറഞ്ഞതാണ് ഇയാളെ ഒരു കൈ നോക്കാൻ പ്രേരിപ്പിച്ചത്. ചത്ത തിമിംഗലത്തിന് ചുറ്റും സ്രാവുകൾ ഉണ്ടെന്ന് അറിയാമായിരുന്നു. എന്നാൽ അത് എത്രത്തോളം അപകടകരമാണെന്നകാര്യം വില്യംസ് ചിന്തിക്കാൻ നിന്നില്ല. അയാൾ ബോട്ടിൽ നിന്നും വെള്ളത്തിലേയ്ക്ക് എടുത്തു ചാടി. അൽപ ദൂരം നീന്തി ചത്ത് പൊന്തിയ തിമിംഗലത്തിന്റെ മുകളിൽ കയറി. ‘ആദ്യം തനിക്ക് തിമിംഗലത്തിന് മുകളിൽ കയറാനുള്ള പിടുത്തം കിട്ടിയില്ല. പിന്നീട് തന്റെ താടിയിൽ ബലം കൊടുത്ത് അതിന്റെ മുകളിൽ കയറിപ്പറ്റുകയായിരുന്നു’ വില്യംസ് പറഞ്ഞു. വളരെ അപകടം പിടിച്ച പ്രവർത്തിയാണ് ഹാരിസൺ ചെയ്തതെന്ന് ഓസ്‌ട്രേലിയയിലെ ഫിഷറീസ് ഡിപ്പാർട്ട്‌മെന്റ് റീജണൽ മാനേജർ ടോണി കാപേലുതി പറയുന്നു.

തിമിംഗലത്തിന്റെ ജഡം നിരവധി ആഴ്ചകളായി കടലിലൂടെ ഒഴുകി നടക്കുകയായിരുന്നു. ഈ ജഡം തിന്നാനായി ഇതിന് ചുറ്റും സ്രാവുകൾ കൂടിയിരുന്നു. ഇക്കാര്യത്തെക്കുറിച്ച് ഓസ്‌ട്രേലിയയിലെ സർഫ് ലൈഫ് സേവിംങ് ജനങ്ങൾക്ക് മുന്നറിയിപ്പ് നൽകിയിരുന്നു.

എന്തായാലും സ്രാവുകൾ തിമിംഗലത്തെ സാപ്പിടുന്ന തിരക്കിലായിരുന്നത് കൊണ്ട് കക്ഷി തൽക്കാലം തടികേടാകാതെ രക്ഷപ്പെട്ടു. ജീവനില്ലാത്ത തിമിംഗലത്തിന് പുറത്ത് കുറച്ച് സമയം ചിലവഴിച്ച ഇയാൾ പിന്നീട് കൂട്ടുകാർ ബോട്ട് അടുപ്പിച്ചപ്പോൾ അതിലേയ്ക്ക് ചാടി കയറുകയായിരുന്നു. ‘ഈ പ്രവൃത്തിയെക്കുറിച്ചറിഞ്ഞ മാതാപിതാക്കൾ താൻ ഒരു വിഡ്ഢിയാണെന്നാണ് പറഞ്ഞതെന്നും വില്യം പറയുന്നു.