തൃശൂര്‍ മേയര്‍ക്ക് കൗണ്‍സില്‍ യോഗത്തിനിടെ പ്രതിപക്ഷത്തിന്റെ കൂട്ട സല്യൂട്ടടി; തിരിച്ചടിച്ച് മേയറും

തൃശൂര് കോര്പറേഷന് മേയര് എം.കെ.വര്ഗീസിന് കൂട്ട സല്യൂട്ട് നല്കി പ്രതിപക്ഷം
 | 
തൃശൂര്‍ മേയര്‍ക്ക് കൗണ്‍സില്‍ യോഗത്തിനിടെ പ്രതിപക്ഷത്തിന്റെ കൂട്ട സല്യൂട്ടടി; തിരിച്ചടിച്ച് മേയറും

തൃശൂര്‍: തൃശൂര്‍ കോര്‍പറേഷന്‍ മേയര്‍ എം.കെ.വര്‍ഗീസിന് കൂട്ട സല്യൂട്ട് നല്‍കി പ്രതിപക്ഷം. കഴിഞ്ഞ ദിവസം നടന്ന കൗണ്‍സില്‍ യോഗത്തിന് ഇടയിലാണ് പ്രതിപക്ഷാംഗങ്ങള്‍ കൂട്ട സല്യൂട്ട് അടിച്ചത്. മാസ്റ്റര്‍ പ്ലാന്‍ ചര്‍ച്ചക്കിടെയാണ് സംഭവം. ചര്‍ച്ചക്കിടെ പ്രതിഷേധിച്ച പ്രതിപക്ഷം നടുത്തളത്തില്‍ ഇറങ്ങുകയും മേയറെ വളഞ്ഞ് തുരുതുരാ സല്യൂട്ട് അടിക്കുകയുമായിരുന്നു. പ്രതിപക്ഷ സല്യൂട്ടിന് മേയറും തിരികെ സല്യൂട്ട് നല്‍കി പ്രതികരിച്ചു.

ഹാളിന്റെ മൂന്നു വശത്തേക്കും മേയര്‍ സല്യൂട്ട് നല്‍കി. ഔദ്യോഗിക കാറില്‍ പോകുമ്പോള്‍ പോലീസുകാര്‍ സല്യൂട്ട് നല്‍കുന്നില്ലെന്നും അതിനുള്ള നിര്‍ദേശം നല്‍കണമെന്നും ആവശ്യപ്പെട്ട് എം.കെ.വര്‍ഗീസ് നേരത്തേ ഡിജിപിക്ക് പരാതി നല്‍കിയിരുന്നു. ഇതാണ് പ്രതിപക്ഷത്തിന്റെ പരിഹാസത്തിന് കാരണം.

പ്രോട്ടോക്കോള്‍ അനുസരിച്ച് കോര്‍പറേഷന്‍ മേയര്‍ സ്ഥാനം ഗവര്‍ണര്‍ക്കും മുഖ്യമന്ത്രിക്കും ശേഷം മൂന്നാമതാണ്. എന്നാല്‍ പല തവണ പറഞ്ഞിട്ടും സല്യൂട്ട് അടിക്കാന്‍ പോലീസ് തയ്യാറാകുന്നില്ലെന്നായിരുന്നു വര്‍ഗീസ് പരാതിയില്‍ പറഞ്ഞത്.