കോവിഡ് പരിശോധനയില്‍ പേര് മാറ്റിയ സംഭവം; കെ.എം.അഭിജിത്തിനെതിരെ കേസെടുത്തു

കോവിഡ് പരിശോധനയ്ക്കായി പേര് മാറ്റി നല്കിയ സംഭവത്തില് കെ.എസ്.യു സംസ്ഥാന പ്രസിഡന്റ് കെ.എം അഭിജിത്തിനെതിരെ പോലീസ് കേസെടുത്തു.
 | 
കോവിഡ് പരിശോധനയില്‍ പേര് മാറ്റിയ സംഭവം; കെ.എം.അഭിജിത്തിനെതിരെ കേസെടുത്തു

തിരുവനന്തപുരം: കോവിഡ് പരിശോധനയ്ക്കായി പേര് മാറ്റി നല്‍കിയ സംഭവത്തില്‍ കെ.എസ്.യു സംസ്ഥാന പ്രസിഡന്റ് കെ.എം അഭിജിത്തിനെതിരെ പോലീസ് കേസെടുത്തു. ആള്‍മാറാട്ടത്തിനും പകര്‍ച്ചവ്യാധി നിയമം അനുസരിച്ചുമാണ് കേസ്. പോത്തന്‍കോട് പോലീസാണ് കേസെടുത്തത്. കോവിഡ് പൊസിറ്റീവായി പ്ലാമൂടിലെ വീട്ടില്‍ കഴിയുന്ന അഭിജിത്ത് പരിശോധനയ്ക്കായി അഭി കെ.എം എന്ന പേരാണ് നല്‍കിയത്.

പരിശോധനയില്‍ അഭിജിത്തിന് രോഗമുണ്ടെന്ന് സ്ഥിരീകരിച്ചതോടെയാണ് സംഭവം വിവാദമായത്. തന്റെ സഹഭാരവാഹിയായ ബാഹുല്‍ ആണ് പേര് നല്‍കിയതെന്നും സെന്‍സേഷന്‍ ആകേണ്ടെന്ന് കരുതിയായിരിക്കും അങ്ങനെ പേര് നല്‍കിയതെന്നുമായിരുന്നു അഭിജിത്തിന്റെ ആദ്യ പ്രതികരണം. എന്നാല്‍ ക്ലറിക്കല്‍ മിസ്റ്റേക്കായിരിക്കും അതെന്ന് പിന്നീട് അഭിജിത്ത് പറഞ്ഞു.

പോത്തന്‍കോട് പഞ്ചായത്ത് പ്രസിഡന്റാണ് അഭിജിത്തിനെതിരെ പോലീസില്‍ പരാതി നല്‍കിയത്. സംഭവത്തില്‍ സോഷ്യല്‍ മീഡിയയില്‍ ഉള്‍പ്പെടെ പ്രതിഷേധങ്ങള്‍ ഉയരുകയാണ്. അഭിജിത്തിനെ പേരു മാറ്റി നല്‍കാന്‍ സഹായിച്ച ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടിയുണ്ടാകുമെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ പറഞ്ഞിരുന്നു.