മാസ്‌കിനും സാനിറ്റൈസറിനും വിലകൂട്ടി വിറ്റ അഞ്ച് മെഡിക്കല്‍ ഷോപ്പുകളുടെ ലൈസന്‍സ് റദ്ദാക്കി

ഗാസിയാബാദില് നേരത്തെ ഒരാള്ക്ക് കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചിരുന്നു. പിന്നാലെയാണ് നഗരത്തിലെ ചില കടകളില് മാസ്കുകള്ക്കും സാനിറ്റൈസറുകള്ക്കും വിലകൂട്ടി വില്പ്പന ആരംഭിച്ചത്.
 | 
മാസ്‌കിനും സാനിറ്റൈസറിനും വിലകൂട്ടി വിറ്റ അഞ്ച് മെഡിക്കല്‍ ഷോപ്പുകളുടെ ലൈസന്‍സ് റദ്ദാക്കി

ലക്‌നൗ: മാസ്‌കിനും സാനിറ്റൈസറിനും വിലകൂട്ടി വിറ്റ അഞ്ച് മെഡിക്കല്‍ ഷോപ്പുകളുടെ ലൈസന്‍സ് റദ്ദാക്കി. ഉത്തര്‍പ്രദേശിലെ ഗാസിയാബാദിലാണ് സംഭവം. കൊറോണ വൈറസിന്റെ പശ്ചാത്തലത്തില്‍ മാസ്‌കുകള്‍ക്കും സാനിറ്റൈസറുകള്‍ക്കും വിലകൂട്ടി വിറ്റാല്‍ ശക്തമായ നടപടിയുണ്ടാകുമെന്ന് കേരളം ഉള്‍പ്പെടെയുള്ള സംസ്ഥാനങ്ങള്‍ വ്യാപാരികള്‍ക്ക് മുന്നറിയിപ്പ് നല്‍കിയിരുന്നു. പിന്നാലെയാണ് നടപടിയുണ്ടായിരിക്കുന്നത്. അടിയന്തര സാഹചര്യം മുതലാക്കി കൊള്ളലാഭം കൊയ്യാനാണ് ചില സ്ഥാപനങ്ങള്‍ ശ്രമിക്കുന്നതെന്ന് ഉത്തര്‍പ്രദേശ് അധികൃതര്‍ വ്യക്തമാക്കി.

ഗാസിയാബാദില്‍ നേരത്തെ ഒരാള്‍ക്ക് കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചിരുന്നു. പിന്നാലെയാണ് നഗരത്തിലെ ചില കടകളില്‍ മാസ്‌കുകള്‍ക്കും സാനിറ്റൈസറുകള്‍ക്കും വിലകൂട്ടി വില്‍പ്പന ആരംഭിച്ചത്. ശനിയാഴ്ച്ച അധികൃതര്‍ നടത്തിയ പരിശോധനയില്‍ 2 മെഡിക്കല്‍ ഷോപ്പുകള്‍ക്കെതിരെയും ഞായറാഴ്ച്ച മൂന്ന് മെഡിക്കല്‍ ഷോപ്പുകള്‍ക്കെതിരെയും നടപടി സ്വീകരിച്ചു. അഞ്ച് സ്ഥാപനങ്ങളുടെയും ലൈസന്‍സുകള്‍ റദ്ദാക്കിയതായി അധികൃതര്‍ വ്യക്തമാക്കി.

കേരളത്തിലും വിലകൂട്ടി മാസ്‌കുകള്‍ വില്‍ക്കുന്നതായി പരാതി ഉയര്‍ന്നിട്ടുണ്ട്. കൊച്ചിയില്‍ പല മെഡിക്കല്‍ ഷോപ്പുകളിലും മാസ്‌കുകള്‍ വില്‍ക്കുന്നത് 50 രൂപ മുതലാണ്. 5 രൂപയുടെ മാസ്‌ക് ചിലര്‍ 50 രൂപയ്ക്ക് വില്‍ക്കുന്നതായും പരാതി ഉയര്‍ന്നിട്ടുണ്ട്. വിലകൂട്ടി മാസ്‌ക് വില്‍ക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്ന് അധികൃതര്‍ വ്യക്തമാക്കിയിട്ടുണ്ട്. ഇതിനായി മിന്നല്‍ പരിശോധനകള്‍ ഉണ്ടാവും.