മാവോയിസ്റ്റുകള്‍ക്ക് പിന്നില്‍ ഇസ്ലാമിക തീവ്രവാദികളെന്ന് സിപിഎം കോഴിക്കോട് ജില്ലാ സെക്രട്ടറി
കോഴിക്കോട്: മാവോയിസ്റ്റുകള്‍ക്ക് സഹായം നല്‍കുന്നത് ഇസ്ലാമിക തീവ്രവാദികളാണെന്ന് സിപിഎം കോഴിക്കോട് ജില്ലാ സെക്രട്ടറി പി.മോഹനന്. മുസ്ലീം തീവ്രവാദ ശക്തികളാണ് മാവോയിസ്റ്റ് പ്രസ്ഥാനത്തിന് വെള്ളവും വളവും നല്‍കുന്നതെന്നും കോഴിക്കോട്ടെ പുതിയ കോലാഹലം തെളിയിക്കുന്നത് അതാണെന്നും മോഹനന് പറഞ്ഞു.
ഇത്തരം ശക്തികളാണ് മാവോയിസ്റ്റുകളെ കൊണ്ടുനടക്കുന്നതും പ്രോത്സാഹിപ്പിക്കുന്നതും. മാവോയിസ്റ്റുകളും മുസ്ലീം തീവ്രവാദ പ്രസ്ഥാനങ്ങളും തമ്മിലുള്ള ചങ്ങാത്തത്തെ കുറിച്ച് പൊലീസ് അന്വേഷിക്കണമെന്നും പി മോഹനന് ആവശ്യപ്പെട്ടു. താമരശ്ശേരിയില്‍ കെഎസ്കെടിയു ജില്ലാ സമ്മേളനത്തിന്റെ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു പി മോഹനന്.
എന്നാല്‍ ഏത് സംഘടനയെ കുറിച്ചാണ് ആരോപണം എന്ന് പ്രസംഗത്തില്‍ മോഹനന് സൂചിപ്പിച്ചില്ല. പന്തീരാങ്കാവില്‍ മാവോയിസ്റ്റ് ബന്ധം ആരോപിച്ച് രണ്ട് സിപിഎം പ്രവര്‍ത്തകരെ പോലീസ് യുഎപിഎ ചുമത്തി അറസ്റ്റ് ചെയ്ത സംഭവത്തിന്റെ പശ്ചാത്തലത്തിലാണ് സിപിഎം ജില്ലാ സെക്രട്ടറിയുടെ പരാമര്‍ശം.