മഹീന്ദ്രയുടെ ഉടമസ്ഥതയിലുള്ള സ്കൂട്ടര്‍ ബ്രാന്‍ഡ് ഫ്രഞ്ച് പ്രസിഡന്റിന്റെ വാഹനവ്യൂഹത്തില്‍

ഇന്ത്യന്‍ വാഹന നിര്‍മാതാക്കളായ മഹീന്ദ്രയുടെ ഉടമസ്ഥതയിലുള്ള സ്കൂട്ടര്‍ ബ്രാന്‍ഡ് ഫ്രഞ്ച് പ്രസിഡന്റിന്റെ വാഹനവ്യൂഹത്തില്‍. മഹീന്ദ്ര സ്വന്തമാക്കിയ ഫ്രഞ്ച് കമ്പനിയായ പ്യൂഷേ മോട്ടോര്‍സൈക്കിള്‍സിന്റെ മൂന്നുചക്ര സ്കൂട്ടര്‍, മെട്രോപോളിസ് ആണ് ഫ്രഞ്ച് പ്രസിഡന്റിന്റെ വാഹനവ്യൂഹത്തില്‍ ഇടം നേടിയത്. ഈ മാസം ആദ്യമാണ് ഈ സ്കൂട്ടര്‍ ഫ്രാന്‍സില്‍ അവതരിപ്പിച്ചത്. പ്യൂഷേയുടെ ഇ-ലൂഡിക്സ് എന്ന ഇലക്ട്രിക് സ്കൂട്ടര്‍ നേരത്തേ തന്നെ വാഹനവ്യൂഹത്തിന്റെ ഭാഗമായിരുന്നു.
മഹീന്ദ്ര ഗ്രൂപ്പ് ചെയര്മാന് ആനന്ദ് മഹീന്ദ്രയാണ് ഇക്കാര്യം ട്വിറ്ററില്‍ അറിയിച്ചത്. ചൈനയിവെ ഗുവാങ്ഡോങ് സിറ്റി പോലീസിന്റെ വാഹനനിരയിലേക്കും ഈ സ്കൂട്ടര്‍ തെരഞ്ഞെടുക്കപ്പെട്ടിരുന്നു. ഔദ്യോഗിക ലോഞ്ചിന് മുന്‍പ് കഴിഞ്ഞ മെയ് മാസത്തില്‍ തന്നെ ചൈനയിലെ പോലീസ് സേന ഇക്കാര്യം പ്രഖ്യാപിച്ചിരുന്നു. മെട്രോപോളിസിന്റെ വിലകുറഞ്ഞ മോഡല്‍ ഇന്ത്യയില്‍ അവതരിപ്പിക്കുമെന്ന് ആനന്ദ് മഹീന്ദ്ര അറിയിച്ചിരുന്നു.
എന്നാല്‍ ഇത് സമീപകാലത്ത് ഉണ്ടാവാന്‍ സാധ്യതയില്ലെന്നാണ് സൂചന. മാക്സി സ്കൂട്ടര്‍ എന്ന സങ്കല്പം ഇന്ത്യയില്‍ അത്ര പ്രചാരത്തിലില്ല എന്നതാണ് ഇതിന് കാരണം. മുന്നില്‍ രണ്ട് ചക്രങ്ങളും പിന്നില്‍ ഒരു ചക്രവുമുള്ള മെട്രോപാളിസിനെ 400 സിസി പവര്‍മോഷന്‍ എല്‍എഫ്ഇ എന്‍ജിനാണ് ചലിപ്പിക്കുന്നത്. 2019ലാണ് ഫ്രഞ്ച് കമ്പനിയായ പ്യൂഷോയെ മഹീന്ദ്ര ഏറ്റെടുത്തത്.