കോവിഡ് പ്രതിസന്ധി മൂലം ബിഎസ് 4 വാഹനങ്ങള്‍ വില്‍ക്കാനായില്ല; 125 കോടിയുടെ വാഹനങ്ങള്‍ എഴുതിത്തള്ളി മാരുതി

കോവിഡ് പ്രതിസന്ധി മൂലം വില്പന നടത്താന് കഴിയാതിരുന്ന ബിഎസ് 4 വാഹനങ്ങള് എഴുതിത്തള്ളി മാരുതി.
 | 
കോവിഡ് പ്രതിസന്ധി മൂലം ബിഎസ് 4 വാഹനങ്ങള്‍ വില്‍ക്കാനായില്ല; 125 കോടിയുടെ വാഹനങ്ങള്‍ എഴുതിത്തള്ളി മാരുതി

കൊച്ചി: കോവിഡ് പ്രതിസന്ധി മൂലം വില്‍പന നടത്താന്‍ കഴിയാതിരുന്ന ബിഎസ് 4 വാഹനങ്ങള്‍ എഴുതിത്തള്ളി മാരുതി. ബിഎസ് 4 വാഹനങ്ങള്‍ ഏപ്രിലിന് മുന്‍പായി വിറ്റു തീര്‍ക്കണമെന്നായിരുന്നു സുപ്രീം കോടതി നിര്‍ദേശം. എന്നാല്‍ മാര്‍ച്ച് 24ന് പ്രഖ്യാപിച്ച ലോക്ക് ഡൗണ്‍ ഇതിന് തിരിച്ചടിയായി. പിന്നീട് ലോക്ക് ഡൗണ്‍ കാലയളവിന് ശേഷം 10 ദിവസം കൂടി ഈ വാഹനങ്ങള്‍ വിറ്റഴിക്കാന്‍ സുപ്രീം കോടതി അനുവദിച്ചിരുന്നു.

ബിഎസ് 4 വാഹനങ്ങളുടെ സ്‌റ്റോക്കില്‍ 10 ശതമാനം മാത്രമേ ഈ കാലയളവില്‍ വില്‍ക്കാന്‍ അനുവാദം നല്‍കിയിരുന്നുള്ളു. ഡീലര്‍മാരുടെയും മറ്റു വാഹന നിര്‍മാതാക്കളുടെയും അഭ്യര്‍ത്ഥനയെത്തുടര്‍ന്നാണ് ഈ ചുരുങ്ങിയ കാലാവധി കോടതി അനുവദിച്ചത്. ലോക്ക് ഡൗണ്‍ പൂര്‍ണ്ണമായും നീക്കിയില്ലെങ്കിലും 125 കോടിയുടെ വിറ്റു പോകാത്ത കാറുകള്‍ എഴുതിത്തള്ളാനാണ് മാരുതി ഇപ്പോള്‍ തീരുമാനം എടുത്തിരിക്കുന്നത്. ഇക്കാര്യം മാരുതി സിഎഫ്ഒ അജയ് സേഥ് സ്ഥിരീകരിച്ചു.

മാരുതിയുടെ ഉദ്പാദന കേന്ദ്രങ്ങളിലും ഡീലര്‍ഷിപ്പുകളിലും കിടക്കുന്ന എല്ലാ ബിഎസ് 4 കാറുകളും എഴുതിത്തള്ളിയവയില്‍ ഉള്‍പ്പെടുന്നു. വില്‍ക്കാത്ത കാറുകള്‍ രജിസ്റ്റര്‍ ചെയ്ത് ഉപയോഗിച്ച കാറുകളായി വില്‍ക്കുന്നതും ബൈബാക്ക് പോളിസിയില്‍ തിരിച്ച് നല്‍കുന്നതിനോ മാര്‍ഗ്ഗനിര്‍ദേശങ്ങള്‍ പാലിച്ച് സ്‌ക്രാപ്പിനായി അയക്കുന്നതും ഉള്‍പ്പെടുന്ന ഓപ്ഷനുകള്‍ ഡീലര്‍മാര്‍ക്ക് നല്‍കിയിരുന്നു.

News Hub