പ്രതികാരം എന്റെ രീതിയല്ല, സോളാറില്‍ പുനരന്വേഷണം ആവശ്യപ്പെടാനില്ലെന്ന് ഉമ്മന്‍ചാണ്ടി
സോളാര്‍ കേസിലെ പുതിയ വെളിപ്പെടുത്തലുകളില്‍ പ്രതികരണവുമായി ഉമ്മന്‍ ചാണ്ടി. പൊതുപ്രവര്‍ത്തനത്തിനിറങ്ങുമ്പോള്‍ ഇത്തരം ആരോപണങ്ങള്‍ നേരിടേണ്ടി വരികയെന്നത് സ്വാഭാവികമാണെന്ന് ഉമ്മന്‍ചാണ്ടി പറഞ്ഞു. അത് സഹിക്കുകയല്ലാതെ അതിനെതിരെ പ്രതികാരം ചെയ്യുന്നത് തന്റെ അജണ്ടയിലില്ല. സത്യം എന്നായാലും പുറത്ത് വരും. ഞാന്‍ ഒരു ദൈവ വിശ്വാസിയാണ്. കേസ് വന്നപ്പോള്‍ അമിതമായി ദുഃഖിച്ചില്ല.
കാരണം സത്യം എന്നായാലും പുറത്തു വരുമെന്ന് അറിയാം. ഇപ്പോള്‍ അമിതമായി സന്തോഷിക്കുന്നുമില്ല പ്രതികാരം എന്റെ രീതിയല്ല. ഞാന്‍ ആരുടെയും പേര് ഇതുവരെ പറഞ്ഞിട്ടില്ല, ഇപ്പോഴും പറയുന്നില്ലെന്നും ഉമ്മന്‍ചാണ്ടി കൂട്ടിച്ചേര്‍ത്തു. കേസില്‍ പുനരന്വേഷണം താനായി ആവശ്യപ്പെടില്ലെന്നും ഉമ്മന്‍ചാണ്ടി വ്യക്തമാക്കി.
സരിതയെക്കൊണ്ട് മൊഴി മാറ്റി പറയിച്ചത് ഗണേഷ് കുമാര്‍ ആണെന്ന് ശരണ്യ മനോജ് വെളിപ്പെടുത്തിയിരുന്നു. ഉമ്മന്‍ ചാണ്ടിയുടെ പേര് കത്തില്‍ കൂട്ടിച്ചേര്‍ത്തതില്‍ ഗണേഷ് കുമാര്‍ ഇടപെട്ടതായി തനിക്ക് അറിവുണ്ടെന്നും മനോജ് വ്യക്തമാക്കിയിരുന്നു. ഈ പശ്ചാത്തലത്തിലാണ് പ്രതികരണം.