കണ്ടെയ്നര്‍ ലോറിക്കുള്ളില്‍ 39 മൃതദേഹങ്ങള്‍; ഡ്രൈവര്‍ അറസ്റ്റില്‍
ലണ്ടന്‍: കണ്ടെയ്നര്‍ ലോറിക്കുളളില്‍ 39 മൃതദേഹങ്ങള്‍ കണ്ടെത്തി. ലണ്ടന്‍ സമീപം ഇന്ന് പുലര്‍ച്ചെയാണ് സംഭവം. ബള്‍ഗേറിയയില്‍ നിന്ന് എത്തിയ കണ്ടെയ്നര്‍ ലോറിക്കുള്ളിലാണ് മൃതദേഹങ്ങള്‍ കണ്ടെത്തിയത്. മൃതദേഹങ്ങളില്‍ ഒരാള്‍ കൗമാര പ്രായത്തിലുള്ളതും 38 പേര് പ്രായപൂര്ത്തിയായവരുടേതുമാണെന്ന് എസെക്സ് പോലീസ് അറിയിച്ചു. സംഭവത്തില്‍ നോര്‍ത്തേണ്‍ അയര്‍ലന്‍ഡ് സ്വദേശി 25കാരനെ ഡ്രൈവറെ പോലീസ് അറസ്റ്റ് ചെയ്തു.
ബള്‍ഗേറിയന്‍ രജിസ്ട്രേഷനിലുള്ള ലോറി കഴിഞ്ഞയാഴ്ചയാണ് ബ്രിട്ടനില്‍ എത്തിയതെന്ന് പോലീസ് സ്ഥിരീകരിച്ചു. അയര്‍ലന്‍ഡില്‍ നിന്നും ബ്രിട്ടനിലേക്കുള്ള പ്രധാന പാതയായ ഹോളിഹെഡ് പോര്‍ട്ട് വഴിയാണ് ലോറി എത്തിയത്. ഇവിടെ നിന്ന് 480 കിലോമീറ്റര്‍ അകലെ എസെക്സില്‍ വെച്ചാണ് മൃതദേഹങ്ങള്‍ പോലീസ് കണ്ടെത്തുന്നത്.
മൃതദേഹങ്ങള്‍ ഇതുവരെ തിരിച്ചറിയാന്‍ കഴിഞ്ഞിട്ടില്ല. അറസ്റ്റിലായ ലോറി ഡ്രൈവറെ ചോദ്യം ചെയ്ത് വരികയാണ്.