ലോകകപ്പിലെ തോല്‍വി; കോലിയെ കാത്തിരിക്കുന്നത് ശക്തമായ നടപടി, നായക സ്ഥാനം തെറിക്കും?
മുംബൈ: വിരാട് കോലിക്ക് നായകസ്ഥാനം നഷ്ടമാകുമെന്ന് സൂചന. ലോകകപ്പില്‍ ഏറ്റവും മികച്ച ടീമുകളിലൊന്നായിട്ടും ഫൈനല്‍ കാണാന്‍ പോലും കഴിയാതെ ഇന്ത്യ പുറത്തായതിന് പിന്നില്‍ നായകന് കോലിയുടെ വീഴ്ച്ചകളാണെന്ന് റിപ്പോര്‍ട്ടുകള്‍ പുറത്തു വന്നിരുന്നു. പിന്നാലെയാണ് കോലിക്കെതിരെ നടപടിയുണ്ടാകുമെന്ന് അഭ്യൂഹങ്ങള്‍ പരക്കുന്നത്. ഹിറ്റ്മാന് രോഹിത് ശര്‍മ്മയും കോലിയും തമ്മിലുള്ള അഭിപ്രായ വ്യത്യാസങ്ങള്‍ നേരത്തെ വാര്‍ത്താ പ്രാധാന്യം നേടിയിരുന്നു.
കോലിയെ നായകസ്ഥാനത്ത് നിന്ന് മാറ്റി ഹിറ്റ്മാനെ ഏകദിന ക്യാപ്റ്റനാക്കാനാവും ബി.സി.സി.ഐ തീരുമാനിക്കുക. ലോകകപ്പ് അവലോകന യോഗത്തില്‍ ഇക്കാര്യങ്ങള്‍ ചര്‍ച്ചയാവുമെന്നാണ് മാനേജ്മെന്റ് പ്രതിനിധികള്‍ ചൂണ്ടിക്കാണിക്കുന്നത്. കോച്ച് രവി ശാസ്ത്രി, ക്യാപ്റ്റന്‍ കോലി, ചീഫ് സെലക്റ്റര്‍ എം.എസ്.കെ പ്രസാദ് എന്നിവരുള്‍പ്പെടെയുള്ളവര്‍ അവലോകന യോഗത്തില്‍ പങ്കെടുക്കും. തോല്‍വിയുമായി ബന്ധപ്പെട്ട് നായകന് നേരെ യോഗത്തില്‍ വിമര്‍ശനം ഉയര്‍ന്നേക്കും.
ലോകകപ്പില്‍ വിജയിക്കാന്‍ വലിയ സാധ്യത കല്‍പ്പിക്കപ്പെട്ടിരുന്ന ടീമുകളിലൊന്നായ ഇന്ത്യ പുറത്തായതിന് പിന്നില്‍ നായകന്റെ ചില ശാഠ്യങ്ങളാണെന്നും ഡ്രസിംഗ് റൂം വാര്‍ത്തകളുണ്ട്. സിനീയര്‍ താരങ്ങള്‍ തമ്മില്‍ പ്രശ്നങ്ങളുണ്ടാകുന്നത് ടീമിന്റെ പ്രകടനത്തെ പ്രതികൂലമായി ബാധിക്കുമെന്നാണ് മാനേജ്മെന്റ് നിഗമനം. കോലിയും ഹിറ്റ്മാനും തമ്മിലുള്ള അഭിപ്രായ വ്യത്യാസങ്ങള്‍ രമ്യമായി പരിഹരിക്കാനാവും ബി.സി.സി.ഐ ശ്രമിക്കുക.