മറ്റൊരാള്‍ക്ക് ബില്ല് ചെയ്ത കാര്‍ വീണ്ടും വിറ്റു; ആപ്കോ ഹോണ്ട ഉപഭോക്താവിനെ വഞ്ചിച്ചതായി പരാതി

കോഴിക്കോട്: ആപ്കോ ഹോണ്ട മറ്റൊരാള്‍ക്ക് ബില്ല് ചെയ്ത വാഹനം വീണ്ടും വില്‍പ്പന നടത്തിയതായി ആരോപണം. മാഹി സ്വദേശിയായ സാബിത്ത് റഫീഖാണ് കോഴിക്കോട് ഹോണ്ട കാര്‍ ഡീലറായ ആപ്കോ ഹോണ്ടയ്ക്കെതിരായ ഗുരുതര ആരോപണങ്ങളുമായി രംഗത്ത് വന്നിരിക്കുന്നത്. മുന്‍പ് മറ്റൊരാള്‍ക്ക് വിറ്റ കാറാണ് ഇതെന്ന് സാബിത്ത് പറയുന്നു. നിരന്തരം കേടുപാടുകള്‍ വന്നതോടെ ഷോറൂമില്‍ തിരിച്ചേല്പിച്ച കാര്‍ തന്റെ തലയില്‍ കെട്ടിവെക്കുകയായിരുന്നുവെന്നാണ് ആരോപണം. സാബിത്തിന് കാര്‍ നല്‍കുന്നതിന് രണ്ട് മാസങ്ങള്‍ക്ക് മുന്‍പ് ആപ്കോ ഹോണ്ട മറ്റൊരാളുടെ പേരില്‍ വാഹനം ബില്ല് ചെയ്തിരുന്നു. ഇതിന് രേഖകളുണ്ട്.

2019 മെയ് 11നാണ് സാബിത്ത് ആപ്കോ ഹോണ്ടയില്‍ നിന്നും 7,60,000 രൂപ മുടക്കി ഹോണ്ട അമേയ്സ് കാര്‍ വാങ്ങിക്കുന്നത്. സാബിത്ത് ആവശ്യപ്പെട്ട നിറത്തിലുള്ള അമേയ്സിന്റെ മോഡല്‍ പ്രത്യേകം ഓര്‍ഡര്‍ ചെയ്തു വരുത്തിയാണ് വില്‍പ്പന നടത്തിയതെന്നായിരുന്നു സെയില്‍സ് എക്സിക്യൂട്ടീവ് അറിയിച്ചിരുന്നത്. ഒരു ഉപഭോക്താവെന്ന നിലയില്‍ താന്‍ വഞ്ചിക്കപ്പെട്ടുവെന്ന യാഥാര്‍ത്ഥ്യം പിന്നീടാണ് മനസിലാവുന്നതെന്ന് സാബിത്ത് ന്യൂസ് മൊമന്റ്സിനോട് പറഞ്ഞു. വാഹനത്തിന്റെ കേടുപാടുകള്‍ തുടര്‍ക്കഥയായതോടെ ഇതിന്റെ രേഖകള്‍ താന്‍ വീണ്ടും പരിശോധിച്ചു. അതില്‍ നിന്നും മറ്റൊരാള്‍ക്ക് ബില്ല് ചെയ്തിരുന്ന വാഹനം തന്റെ തലയിലേക്ക് കെട്ടിവെയ്ക്കുകയായിരുന്നുവെന്ന് വ്യക്തമായെന്ന് സാബിത്ത് പറയുന്നു.
മുന്‍പ് ബില്ല് ചെയ്തതുമായി ബന്ധപ്പെട്ട് വിവരങ്ങള്‍ ആരാഞ്ഞപ്പോള്‍ കൃത്യമായ ഉത്തരം നല്കാന് ആപ്കോ തയ്യാറായില്ല. ഹോണ്ടയുടെ വാഹനങ്ങളുടെ വിശ്വാസ്യത പോലും ചോദ്യം ചെയ്യപ്പെടുന്ന രീതിയിലായിരുന്നു ആപ്കോയുടെ സമീപനമെന്നും അദ്ദേഹം പറയുന്നു. വാഹനം വാങ്ങി മാസങ്ങള്‍ക്കുള്ളില്‍ തന്നെ വലിയ തോതിലുള്ള കേടുപാടുകള്‍ സംഭവിച്ചതായി സാബിത്ത് പറയുന്നു. ഇക്കാര്യങ്ങള്‍ വ്യക്തമാക്കി ആപ്കോ ഹോണ്ടയെ അദ്ദേഹം സമീപിച്ചിരുന്നു. ആദ്യഘട്ടത്തില്‍ എസിയുടെ നോബ് തകരാറിലായി. എന്നാല്‍ കാറിനുള്ളില്‍ സബ് ബൂഫര്‍ ഫിറ്റ് ചെയ്തതിനാലാണ് അത്തരമൊരു കേടുപാട് സംഭവിച്ചതെന്ന് ആപ്കോ സര്‍വീസ് സെന്റര്‍ മറുപടി നല്കി. പണമൊന്നും വാങ്ങാതെ തന്നെ പരാതി പരിഹരിക്കുകയും ചെയ്തു. പക്ഷേ വാഹനത്തിന് നിരന്തരം കേടുപാടുകള്‍ പ്രത്യക്ഷപ്പെടാന്‍ തുടങ്ങിയതോടെ സാബിത്ത് ഹോണ്ടയ്ക്ക് ഔദ്യോഗികമായി പരാതി അയക്കുകയും ചെയ്തു.


വാഹനം കയ്യിലെത്തിയ ശേഷം ഏതാണ്ട് 16ഓളം തകരാറുകള്‍ ഉണ്ടായിട്ടുണ്ടെന്നും ഇവ പരിഹരിക്കുന്നതിനായി 5 തവണ അംഗീകൃത സര്‍വീസ് സെന്ററിനെ സമീപിക്കുകയും ചെയ്തിട്ടുണ്ട്. ഇതിനിടയില്‍ രണ്ട് സര്‍വീസുകളും കാര്‍ പൂര്‍ത്തിയാക്കിയിട്ടുണ്ട്. സര്‍വീസ് സെന്ററില്‍ നിന്ന് ഓരോ തവണ പുറത്തിറങ്ങുമ്പോഴും മറ്റ് കേടുപാടുകള്‍ ശ്രദ്ധയില്പ്പെടുന്നുവെന്നും നിരന്തരം ഇത്തരം പ്രശ്നങ്ങള്‍ കാണുന്നതിനാല്‍ ആപ്കോയിലുള്ള വിശ്വാസ്യത നഷ്ടമായെന്നും സാബിത്ത് ചൂണ്ടിക്കാണിച്ചു.


സാബിത്തിന്റെ പരാതിയുമായി ബന്ധപ്പെട്ട് ആപ്കോ ജനറല്‍ മാനേജര്‍ സുമിത്ത് അശോകുമായി ന്യൂസ് മൊമന്റ്സ് റിപ്പോര്‍ട്ടര്‍ ബന്ധപ്പെട്ടിരുന്നു. സാബിത്ത് ആരോപിച്ചിരിക്കുന്ന കേടുപാടുകള്‍ സത്യമാണെന്ന് അദ്ദേഹം സ്ഥിരീകരിച്ചു. കേടുപാടുകള്‍ പരിഹരിക്കാന്‍ സ്ഥാപനം ബാധ്യസ്ഥമാണെന്നും അത് ചെയ്യാമെന്നും അദ്ദേഹം അറിയിച്ചിട്ടുണ്ട്. മോശം റോഡിലൂടെ വാഹനമോടിച്ചുവെന്നും കാര്‍ 1000ത്തിലധികം കിലോമീറ്ററുകള്‍ രണ്ട് മാസത്തിനുള്ളില്‍ ഓടിത്തീര്ന്നുവെന്നുമാണ് കാരണമായി അദ്ദേഹം ചൂണ്ടിക്കാണിച്ചത്. എന്നാല്‍ ഹോണ്ട അമേയ്സിന്റെ വെബ്സൈറ്റില്‍ നല്‍കിയിരിക്കുന്ന വിവരങ്ങള്‍ കൂടുതല്‍ ദൂരം വാഹനമോടിച്ചാല്‍ ഇത്തരം കേടുപാടുകള്‍ സംഭവിക്കില്ലെന്ന് വ്യക്തമാക്കുന്നതാണ്.
കാറിന്റെ വേഗത കൂടുന്നതിന് അനുസൃതമായി വിന്‍ഡോയില്‍ നിന്ന് ശബ്ദം ഉണ്ടാവുക. വേഗം കുറച്ച് ഓടിക്കുമ്പോള്‍ എഞ്ചിനില്‍ നിന്ന് അസാധാരണ ശബ്ദങ്ങള്‍ തുടങ്ങിയ കേടുപാടുകള്‍ സാധാരണയായി ഹോണ്ട അമേസില്‍ റിപ്പോര്‍ട്ട് ചെയ്യപ്പെടാറില്ലെന്ന് മറ്റു ഉപഭോക്താക്കളും പറയുന്നു. ബില്ലിലുണ്ടായ ആശയക്കുഴപ്പം ക്ലറിക്കല്‍ തെറ്റായിരുന്നുവെന്നാണ് ആപ്കോ ജനറല്‍ മാനേജര്‍ വിശേഷിപ്പിച്ചത്. ഇത് ഉപഭോക്താവിനെ മുന്‍കൂട്ടി അറിയിച്ചിരുന്നോയെന്ന ചോദ്യത്തിന് അതിന്റെ ആവശ്യമില്ലെന്നും അദ്ദേഹം മറുപടി തന്നു.

ഹോണ്ടയുമായി ബന്ധപ്പെട്ട പ്രതിനിധിയെ ബന്ധപ്പെട്ട് വിഷയത്തില്‍ കൃത്യമായി പരിഹാരം കാണാനാണ് ഇനി ശ്രമിക്കുകയെന്നും വാഹനത്തിന്റെ പരാതിയില്‍ ഉചിതമായ പരിഹാരം കണ്ടില്ലെങ്കില്‍ നിയമനടപടിയെടുക്കുമെന്നും സാബിത്ത് വ്യക്തമാക്കി. ബില്ലിംഗുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ ധരിപ്പിക്കാതെയാണ് തനിക്ക് കാര്‍ കൈമാറിയത്. ഇത് നിയമപരമായി ചോദ്യം ചെയ്യാവുന്ന വസ്തുതയാണെന്നും സാബിത്ത് പറഞ്ഞു.