ഡെങ്കിപ്പനി ലൈംഗികമായും പകരും! ആദ്യ സംഭവം സ്ഥിരീകരിച്ചത് സ്‌പെയിനില്‍

കൊതുകുകള് പരത്തുന്നതെന്ന് കരുതിയിരുന്ന ഡെങ്കിപ്പനി ലൈംഗികമായും പകരുമെന്ന് സ്ഥിരീകരണം
 | 
ഡെങ്കിപ്പനി ലൈംഗികമായും പകരും! ആദ്യ സംഭവം സ്ഥിരീകരിച്ചത് സ്‌പെയിനില്‍

മാഡ്രിഡ്: കൊതുകുകള്‍ പരത്തുന്നതെന്ന് കരുതിയിരുന്ന ഡെങ്കിപ്പനി ലൈംഗികമായും പകരുമെന്ന് സ്ഥിരീകരണം. സ്‌പെയിനിലെ ആരോഗ്യ വിഭാഗമാണ് ഈ കണ്ടെത്തല്‍ നടത്തിയിരിക്കുന്നത്. മാഡ്രിഡ് സ്വദേശിയായ 41കാരനിലാണ് ഡെങ്കി സ്ഥിരീകരിച്ചത്. ഇയാളുടെ പുരുഷ പങ്കാളിക്ക് ക്യൂബയിലേക്ക് നടത്തിയ യാത്രക്കിടെ കൊതുക് കടിയേറ്റ് ഡെങ്കി ബാധിച്ചിരുന്നു.

എന്നാല്‍ വിദേശയാത്ര നടത്താത്ത 41കാരന് ഡെങ്കി ബാധിച്ചത് എങ്ങനെയെന്നത് ഡോക്ടര്‍മാരെ അമ്പരപ്പിച്ചിരുന്നു. സെപ്റ്റംബറിലാണ് കടുത്ത പനിയും മറ്റ് ലക്ഷണങ്ങളുമായി ഇയാള്‍ ചികിത്സക്ക് എത്തിയത്. പത്ത് ദിവസങ്ങള്‍ക്ക് മുമ്പ് ഇയാളുടെ പങ്കാളി ഇതേ ലക്ഷണങ്ങള്‍ പ്രകടിപ്പിച്ചിരുന്നു. അയാള്‍ ക്യൂബയും ഡൊമിനിക്കന്‍ റിപ്പബ്ലിക്കും സന്ദര്‍ശിച്ച ശേഷമായിരുന്നു രോഗബാധയുണ്ടായത്. പിന്നീട് ഇവരുടെ ശുക്ലത്തില്‍ നടത്തിയ പരിശോധനയിലാണ് കാരണം വ്യക്തമായത്. ഇരുവര്‍ക്കും ഡെങ്കിയുണ്ടെന്നും അതിന് കാരണമായത് ക്യൂബയില്‍ കാണപ്പെടുന്ന വൈറസാണെന്നും പരിശോധയില്‍ വ്യക്തമായി.

പുരുഷനും സ്ത്രീക്കുമിടയില്‍ ഡെങ്കി ലൈംഗികമായി പകരുമോ എന്ന വിഷയത്തില്‍ അടുത്തിയ ദക്ഷിണ കൊറിയയില്‍ ഒരു ശാസ്ത്ര ലേഖനം പ്രസിദ്ധീകരിച്ചിരുന്നു. പുരുഷന്‍മാര്‍ക്കിടയില്‍ ലൈംഗികമായി ഡെങ്കി പകര്‍ന്ന ആദ്യ സംഭവമാണ് ഇതെന്ന് സ്‌റ്റോക്ക്‌ഹോം ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന യൂറോപ്യന്‍ സെന്റര്‍ ഫോര്‍ ഡിസീസ് പ്രിവന്‍ഷന്‍ ആന്‍ഡ് കണ്‍ട്രോള്‍ സാക്ഷ്യപ്പെടുത്തുന്നു. ഈഡിസ് ഈജിപ്റ്റി കൊതുകുകളാണ് ഡെങ്കിപ്പനി പടര്‍ത്തുന്നത്. ജനസാന്ദ്രതയേറിയ പ്രദേശങ്ങളില്‍ കാണപ്പെടുന്ന ഇവ പരത്തുന്ന ഡെങ്കി ഓരോ വര്‍ഷവും 10,000 പേരുടെ ജീവനെടുക്കുന്നുണ്ടെന്നാണ് കണക്ക്.