ഹാര്‍ലി ഡേവിഡ്സണും ഹീറോ മോട്ടോകോര്‍പും കൈകോര്‍ക്കുന്നു; വിതരണവും സര്‍വീസും ഇനി ഹീറോയ്ക്ക്

ആരാധകരെ ഞെട്ടിച്ചുകൊണ്ടായിരുന്നു ഇന്ത്യയിലെ പ്രവര്‍ത്തനങ്ങള്‍ നിര്‍ത്തുകയാണെന്ന് ഹാര്‍ലി ഡേവിഡ്സണ് പ്രഖ്യാപിച്ചത്. എന്നാല്‍ ആരാധകര്‍ക്ക് ഇരട്ടി സന്തോഷം നല്കുന്ന ഒരു വാര്‍ത്തയാണ് ഇപ്പോള്‍ പുറത്തു വന്നിരിക്കുന്നത്. ഹാര്‍ലി ബൈക്കുകളുടെ വിതരണവും സര്‍വീസും ഇനി മുതല്‍ ഹീറോ മോട്ടോകോര്പിനായിരിക്കും. ബൈക്കുകള്‍ കൂടാതെ റൈഡിംഗ് ഗിയര്‍, ജാക്കറ്റുകള്‍ തുടങ്ങിയ ഉല്പന്നങ്ങളും ഹീറോയുടെ ഡീലര്‍ഷിപ്പുകളിലൂടെ ലഭിക്കും.
കരാര്‍ അനുസരിച്ച് ഹാര്‍ലി ഡേവിഡ്സണ് ബ്രാന്‍ഡില്‍ ഹീറോ മോട്ടോകോര്‍പ് പ്രീമിയം ബൈക്കുകള്‍ നിര്‍മിച്ച് വില്‍ക്കുകയും ചെയ്യും. കരാര്‍ ഇരു കമ്പനികള്‍ക്കും പ്രയോജനപ്രദമാണെന്ന് സംയുക്ത പ്രസ്താവനയില്‍ പറയുന്നു. കഴിഞ്ഞ മാസമാണ് ഇന്ത്യയിലെ പ്രവര്‍ത്തനങ്ങള്‍ നിര്‍ത്താന്‍ പോവുകയാണെന്ന് ഹാര്‍ലി പ്രഖ്യാപിച്ചത്.
തങ്ങളുടെ ആഡംബര ഇരുചക്ര വാഹനങ്ങളുടെ പ്രധാന മാര്‍ക്കറ്റുകളായ നോര്‍ത്ത് അമേരിക്ക, യൂറോപ്പ്, ചില സൗത്ത് ഈസ്റ്റ് ഏഷ്യന്‍ രാജ്യങ്ങള്‍ എന്നിവയില്‍ കൂടുതല്‍ ശ്രദ്ധ നല്‍കാനും താരതമ്യേന വില്പന കുറഞ്ഞ ഇന്ത്യ പോലുള്ള രാജ്യങ്ങള്‍ വിടാനുമായിരുന്നു കമ്പനി തീരുമാനിച്ചത്.