ഇന്ത്യയ്ക്കിന്ന് എളുപ്പമാകില്ല; ആശങ്കകളൊഴിയാതെ മധ്യനിര, അന്തിമ ഇലവനില്‍ മാറ്റമുണ്ടായേക്കും

കഴിഞ്ഞ മത്സരത്തില് മോശം പ്രകടനം കാഴ്ച്ചവെച്ച ഭുവനേശ്വര് കുമാറിന് പകരം പേസര് ഷമി ടീമില് തിരികെയെത്തിയേക്കും
 | 
ഇന്ത്യയ്ക്കിന്ന് എളുപ്പമാകില്ല; ആശങ്കകളൊഴിയാതെ മധ്യനിര, അന്തിമ ഇലവനില്‍ മാറ്റമുണ്ടായേക്കും

മാഞ്ചസ്റ്റര്‍: ലോകകപ്പ് ക്രിക്കറ്റിലെ ആദ്യ സെമിഫൈനല്‍ പോരാട്ടത്തിന് ഇന്ത്യ ഇന്നിറങ്ങും. ഇന്ത്യന്‍ സമയം വൈകീട്ട് മൂന്ന് മണിക്ക് മാഞ്ചസ്റ്റിലാണ് മത്സരം. കരുത്തരായ കിവീസ്പടയാണ് കോലിയുടെയും കൂട്ടാളികളുടെയും എതിരാളികള്‍. മികച്ച ഫോമില്‍ കളിക്കുന്ന മുന്‍നിര ബാറ്റ്‌സ്മാന്‍മാരും ജസ്പ്രീത് ബുമ്രയുടെ നേതൃത്വത്തിലുള്ള ബൗളിംഗ് നിരയും ഇന്ത്യക്ക് ആത്മവിശ്വാസം നല്‍കുന്നുണ്ടെങ്കിലും മറ്റു ചില ആശങ്കകളും നിലനില്‍ക്കുന്നുണ്ട്. ഇതില്‍ പ്രധാനം മധ്യനിരയുടെ ഫോമില്ലായ്മയാണ്.

ശിഖര്‍ ധവാന്‍ പരിക്കേറ്റ് പുറത്തായതിന് ശേഷം നാലാം നമ്പറില്‍ മികച്ച പ്രകടനം നടത്താന്‍ ആര്‍ക്ക് കഴിയുമെന്നത് സംബന്ധിച്ച് ടീം മാനേജ്‌മെന്റിന് യാതൊരു ധാരണയുമില്ല. കെ.എല്‍ രാഹുല്‍ നാലാം നമ്പറില്‍ മോശമല്ലാത്ത പ്രകടനമാണ് കാഴ്ച്ചവെച്ചത്. എന്നാല്‍ ധവാന്‍ പുറത്തായതോടെ രാഹുല്‍ ഓപ്പണര്‍ സ്ഥാനത്തേക്ക് സ്ഥലം മാറിയിരുന്നു. ഇതോടെ പ്രതിസന്ധിയും ആരംഭിച്ചു. തുടര്‍ച്ചയായ മത്സരങ്ങളില്‍ വിജയ് ശങ്കറിനെ മാനേജ്‌മെന്റ് പരീക്ഷിച്ചെങ്കിലും പരാജയമായിരുന്നു ഫലം. പകരക്കാരനായി എത്തിയ ഋഷഭ് പന്തിനും അത്ര മികച്ച പ്രകടനം കാഴ്ച്ചവെക്കാന്‍ കഴിഞ്ഞിട്ടില്ല.

50ന് മുകളില്‍ സ്ഥിരതയോടെ സ്‌കോര്‍ ചെയ്യാന്‍ കഴിയുന്ന ബാറ്റ്‌സ്മാനായിരിക്കണം നാലാം നമ്പറില്‍ ഇറങ്ങേണ്ടത്. മധ്യനിരയിലേക്ക് കാര്യങ്ങളെത്തുമ്പോള്‍ ടീം തകര്‍ച്ചയുടെ വക്കിലാണെങ്കില്‍ കൂടുതല്‍ പക്വമായ ഇന്നിംഗ്‌സ് നാലാം നമ്പറില്‍ നിന്നും പ്രതീക്ഷിക്കുന്നുണ്ട്. എന്നാല്‍ അത്തരമൊരു താരത്തെ കണ്ടെത്താന്‍ ടീം ഇന്ത്യക്ക് ഇതുവരെ കഴിഞ്ഞിട്ടില്ല.

കഴിഞ്ഞ മത്സരത്തില്‍ മോശം പ്രകടനം കാഴ്ച്ചവെച്ച ഭുവനേശ്വര്‍ കുമാറിന് പകരം പേസര്‍ ഷമി ടീമില്‍ തിരികെയെത്തിയേക്കും. ജഡേജയുടെ മോശമല്ലാത്ത പ്രകടനം അദ്ദേഹത്തെ ടീമില്‍ നിലനിര്‍ത്താന്‍ കാരണമാകുമെന്നാണ് സൂചന. അങ്ങനെ വന്നാല്‍ കുല്‍ദീപോ ചഹലോ പുറത്തിരിക്കേണ്ടി വരും. ടീമില്‍ മറ്റു മാറ്റങ്ങള്‍ക്ക് സാധ്യതയില്ല.