കിയ സെല്‍റ്റോസ് ഈ മാസം എത്തുന്നു; വില 10 ലക്ഷം മുതലെന്ന് സൂചന

മുംബൈ: കിയ മോട്ടോഴ്സിന്റെ സെല്റ്റോസ് ഈ മാസം ഇന്ത്യന് വിപണിയില് എത്തുന്നു. ഓഗസ്റ്റ് 22ന് വാഹനം വിപണിയിലെത്തുമെന്നാണ് റിപ്പോര്‍ട്ടുകള്‍. വാഹനപ്രേമികള്‍ ആകാംക്ഷയോടെ കാത്തിരിക്കുന്ന ഈ മോഡലിന് 10 ലക്ഷം രൂപ മുതലായിരിക്കും വിലയെന്നാണ് സൂചന. വില്‍പന തുടങ്ങുന്ന ദിവസമായിരിക്കും വില പ്രഖ്യാപിക്കുകയെന്നും സൂചനയുണ്ട്.
വില പ്രഖ്യാപിക്കുന്നതിന് മുമ്പ് തന്നെ 23,000 ബുക്കിങ്ങുകള്‍ സെല്‍റ്റോസിന് ലഭിച്ചു കഴിഞ്ഞു. എസ്.യു.വി വിപണിയില്‍ ഇന്ത്യയിലെ മുന്‍നിരക്കാരായ ക്രേറ്റ, ഹെക്ടര്‍, ഹാരിയര്‍, എക്‌സ്.യു.വി 500 എന്നിവയുമായി മത്സരത്തിന് ഒരുങ്ങിയാണ് സെല്‍റ്റോസിന്റെ വരവ്. ടക് ലൈന്‍, ജിടി ലൈന്‍ എന്നീ മോഡലുകളില്‍ വ്യത്യസ്ത വകഭേദങ്ങളില്‍ സെല്‍റ്റോസ് ലഭിക്കും.
മറ്റു വാഹനങ്ങളില്‍ നിന്ന് വ്യത്യസ്തമായി 37 സ്മാര്‍ട്ട് ഫീച്ചറുകളുള്ള യുവിഒ കണക്റ്റ് സിസ്റ്റം, 10.25 ഇഞ്ച് ടച്ച് സ്‌ക്രീന്‍, 360 ഡിഗ്രി ക്യാമറ, 8 ഇഞ്ച് ഹെഡ് അപ്പ് ഡിസ്‌പ്ലേ, മൂഡ് ലൈറ്റിംഗ്, ടയര്‍ പ്രഷര്‍ മോണിറ്റര്‍ തുടങ്ങിയ ഫീച്ചറുകള്‍ സെല്‍റ്റോസിനുണ്ട്. 1.5 ലിറ്റര്‍ പെട്രോള്‍, ഡീസല്‍ മോഡലുകളും 1.4 ലിറ്റര്‍ പെട്രോള്‍ മോഡലുമാണ് വിപണിയില്‍ എത്തുന്നത്. ആറ് സ്പീഡ് മാനുവല്‍ ഗിയര്‍ബോക്‌സിനൊപ്പം ഓട്ടോമാറ്റിക് ട്രാന്‍സ്മിഷനുള്ള മോഡലും കിയ അവതരിപ്പിക്കുന്നു.