വാല്‍പ്പാറയില്‍ പുലിയുടെ ആക്രമണം; വീട്ടമ്മ കൊല്ലപ്പെട്ടു
തൃശൂര്‍: വാല്‍പ്പാറയില്‍ പുലിയുടെ ആക്രമണത്തില്‍ വീട്ടമ്മ കൊല്ലപ്പെട്ടു. കാഞ്ചമല എസ്റ്റേറ്റിലാണ് വീട്ടമ്മയെ പുലി കടിച്ചു കൊന്നത്. ഇന്നലെ വൈകിട്ട് ആറരയോടെയാണ് സംഭവമുണ്ടായത്. മതിയുടെ ഭാര്യ കൈലാസം (45) ആണ് കൊല്ലപ്പെട്ടത്. ഇവര്‍ തോട്ടംതൊഴിലാളിയാണ്.
തുണി കഴുകിക്കൊണ്ടിരിക്കുകയായിരുന്ന ഇവരെ ആക്രമിച്ച പുലി പൊന്തക്കാട്ടിലേക്ക് വലിച്ചുകൊണ്ടു പോയി. ലയത്തിന് 50 മീറ്റര്‍ അകലെ നിന്നാണ് മൃതദേഹം കണ്ടെത്തിയത്. തുണി കഴുകാന്‍ പോയ കൈലാസം തിരിച്ചു വരാന്‍ വൈകിയതോടെ നടത്തിയ അന്വേഷണത്തിലാണ് മൃതദേഹം കണ്ടെത്തിയത്.
അലക്കുകല്ലിനരികിലെ രക്തത്തുള്ളികള്‍ കണ്ട് പിന്തുടര്ന്നപ്പോളാണ് കൈതക്കാട്ടിനുള്ളില്‍ ഒളിപ്പിച്ച മൃതദേഹം കണ്ടെത്തിയത്. കഴുത്തില്‍ കടിയേറ്റ ആഴത്തിലുള്ള മുറിവുണ്ട്. നെഞ്ചിലും മുഖത്തും മാന്ത്യ പാടുകളും ഉണ്ട്. 20 മീറ്റര്‍ അപ്പുറത്ത് ആളുകളുണ്ടായിരുന്നിട്ടും പുലി കഴുത്തിന് കടിച്ചതിനാല്‍ ഇവര്‍ക്ക് നിലവിളിക്കാന്‍ കഴിഞ്ഞില്ലെന്നാണ് കരുതുന്നത്.