ബ്രസീല്‍-അര്‍ജന്റീന ഫൈനല്‍; സോഷ്യല്‍ മീഡിയയില്‍ ഏറ്റുമുട്ടി കടകംപള്ളിയും എം.എം.മണിയും

മുന്‍ മന്ത്രിമാരായ എം.എം.മണിയുടെയും കടകംപള്ളി സുരേന്ദ്രന്റെയും ഫുട്‌ബോള്‍ പ്രേമം പ്രസിദ്ധമാണ്. ലോകകപ്പ് ഫുട്‌ബോള്‍ സമയത്ത് അര്‍ജന്റീന ആരാധകനായ മണിയാശാന്‍ ടീം ജേഴ്‌സിയണിഞ്ഞുകൊണ്ടുള്ള ചിത്രം പോസ്റ്റ് ചെയ്തിരുന്നു. ബ്രസീല്‍ ആരാധകനായ കടകംപള്ളി മണിയാശാനെ വെല്ലുവിളിക്കുന്നതും സ്ഥിരം സംഭവമാണ്. ഇപ്പോള്‍ കോപ്പ അമേരിക്ക ഫൈനല് ചിത്രം വ്യക്തമായതോടെ പുതിയ വെല്ലുവിളിയുമായി രംഗത്തെത്തിയിരിക്കുകയാണ് കടകംപള്ളി. ഫെയിസ്ബുക്കിലെ വെല്ലുവിളിക്ക് എം.എം.മണി കമന്റില്‍ മറുപടിയും നല്‍കിയിട്ടുണ്ട്.

മണിയാശാനേ, ചരിത്രമുറങ്ങുന്ന മാരക്കാനയില്‍ ഞായറാഴ്ച പുതിയ ഫുട്‌ബോള്‍ ചരിത്രം കുറിക്കും എന്നാണ് കടകംപള്ളിയുടെ പോസ്റ്റ്. മെസി ചതിക്കില്ല ഈ ആശാനെ എന്നാണ് മണിയാശാന്റെ മറുപടി. കോപ്പ ഇത്തവണ അര്‍ജന്റീനയ്ക്ക് വണ്ടികയറുമെന്നും മണി കമന്റില്‍ കുറിച്ചു. ഇരുവരുടെയും ഫുട്‌ബോള്‍ പ്രേമം അറിയാവുന്ന ആരാധകരും പോസ്റ്റില്‍ കമന്റുകളുമായി എത്തിയിട്ടുണ്ട്.
ഫൈനലിനു മുന്‍പുള്ള ഫാന്റഫൈറ്റിന് വേദിയായിരിക്കുകയാണ് കടകംപള്ളിയുടെ ഫെയിസ്ബുക്ക് പേജ്. എം എം മണിയുടെ പേജിലും രസകരമായ കമന്റുകള്‍ നിരവധി പേര്‍ പോസ്റ്റ് ചെയ്തിട്ടുണ്ട്.