‘ചന്ദ്രനില്‍ എത്തേണ്ട കളിപ്പാട്ടം മുംബൈയില്‍ എത്തിയിട്ടുണ്ട്’; ഇന്ത്യയെ പരിഹസിച്ച് പാക് മന്ത്രി

മന്ത്രിക്കെതിരെ രൂക്ഷ വിമര്ശനവുമായി നിരവധി പേര് രംഗത്ത് വന്നിട്ടുണ്ട്.
 | 
‘ചന്ദ്രനില്‍ എത്തേണ്ട കളിപ്പാട്ടം മുംബൈയില്‍ എത്തിയിട്ടുണ്ട്’; ഇന്ത്യയെ പരിഹസിച്ച് പാക് മന്ത്രി

ഇസ്ലാമാബാദ്: ഇന്ത്യയുടെ ചന്ദ്രയാന്‍-2 ദൗത്യം പരാജയപ്പെട്ട സംഭവത്തെ പരിഹസിച്ച് പാകിസ്ഥാന്‍ മന്ത്രി. ‘എല്ലാവരും ഉറങ്ങിക്കോളൂ. ചന്ദ്രനില്‍ എത്തേണ്ടതിന് പകരം കളിപ്പാട്ടം മുംബൈയില്‍ എത്തിയിരിക്കുന്നു’ എന്നാണ് പാകിസ്ഥാന്‍ ശാസ്ത്ര സാങ്കേതിക വകുപ്പ് മന്ത്രി ഫവാദ് ചൗധരി ട്വിറ്ററില്‍ കുറിച്ചത്. മന്ത്രിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി നിരവധി പേര്‍ രംഗത്ത് വന്നിട്ടുണ്ട്. മന്ത്രിയുടെ ബാലിശമായ പ്രതികരണം ഒരു രാജ്യത്തെ തരംതാഴ്ത്താനുള്ള മനപൂര്‍വ്വമായ ശ്രമമാണെന്ന് സോഷ്യല്‍ മീഡിയ പ്രതികരിച്ചു.

വിമര്‍ശനം രൂക്ഷമായതോടെ മറ്റൊരു ട്വീറ്റുമായി ഫവാദ് ചൗധരി രംഗത്ത് വന്നിട്ടുണ്ട്. ‘ഇന്ത്യന്‍ ട്രോളന്മാര്‍ എന്റെ പ്രതികരണത്തോട് മറുപടി പറയുന്നത് കാണുമ്പോള്‍ ആശ്ചര്യമാണ് തോന്നുന്നത്. ചിലര്‍ എന്നെ അസഭ്യം പറയുകയാണ്. ഇവരുടെ സംസാരം കേട്ടാല്‍ തോന്നും ഞാനാണ് ചന്ദ്രയാന്‍ ദൗത്യം പരാജയപ്പെടാന്‍ കാരണമെന്ന് തോന്നിപ്പോകും.’ ഫവാദ് ചൗധരി പറഞ്ഞു.

അതേസമയം അവസാന നിമിഷം ആശയവിനിമയം നഷ്ടമായതോടെ ചന്ദ്രനിലിറങ്ങാനുള്ള ഇന്ത്യന്‍ പ്രതീക്ഷയ്ക്ക് മങ്ങലേറ്റെങ്കിലും ചാന്ദ്ര ദൗത്യത്തിന് മുടക്കമുണ്ടാവില്ല. ചന്ദ്രന്റെ ദക്ഷിണധ്രുവത്തിലിറങ്ങി പര്യവേഷണം നടത്താന്‍ ഉദ്ദേശിച്ചിരുന്ന ലാന്‍ഡര്‍ ചന്ദ്രയാന്‍-2 ദൗത്യത്തിന്റെ വെറും 5 ശതമാനം മാത്രമാണെന്നാണ് ശാസ്ത്രജ്ഞര്‍ അറിയിക്കുന്നത്.

95 ശതമാനം പരീക്ഷണങ്ങളും ഓര്‍ബിറ്ററായിരിക്കും നടത്തുകയെന്നാണ് ഐഎസ്ആര്‍ഒ വ്യക്തമാക്കുന്നത്. അടുത്ത ഒരു വര്‍ഷക്കാലം ചന്ദ്രന്റെ ചിത്രങ്ങള്‍ എടുത്ത് ഐഎസ്ആര്‍ഒയിലേക്ക് അയക്കാന്‍ ഓര്‍ബിറ്ററിന് കഴിയും. ലാന്‍ഡറിന്റെ ചിത്രങ്ങള്‍ എടുക്കാനും അതിന്റെ നിലവിലുള്ള അവസ്ഥ എന്താണെന്ന വിവരങ്ങള്‍ നല്‍കാനും ഓര്‍ബിറ്ററിന് കഴിയും. ലാന്‍ഡറിലുള്ള പ്രഗ്യാന്‍ റോവറിന് 14 ദിവസത്തെ ആയുസ് മാത്രമേയുള്ളു.