തുഷാര്‍ വെള്ളാപ്പള്ളിക്ക് നിയമസഹായം ലഭ്യമാക്കണമെന്നാവശ്യപ്പെട്ട് കേന്ദ്രത്തിന് പിണറായിയുടെ കത്ത്
കൊച്ചി: യു.എ.ഇയില്‍ അറസ്റ്റിലായ തുഷാര്‍ വെള്ളാപ്പള്ളിക്ക് നിയമസഹായം ലഭ്യമാക്കണമെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയന് കേന്ദ്രത്തിന് കത്തെഴുതി. തുഷാറിന്റെ ആരോഗ്യനിലയില്‍ ആശങ്കയുണ്ട്. നിയമത്തിന്റെ പരിധിയില്‍ നിന്ന് സഹായം ചെയ്യണമെന്ന് കേന്ദ്ര വിദേശകാര്യ മന്ത്രിക്ക് മുഖ്യമന്ത്രി അയച്ച കത്തില്‍ പറയുന്നു. അതേസമയം തുഷാറിന്റെ അറസ്റ്റില്‍ ബി.ജെ.പി കേന്ദ്രങ്ങളൊന്നും ഇതുവരെ പ്രതികരിക്കാന്‍ തയ്യാറായിട്ടില്ല. തുഷാറിനെ വിളിച്ചുവരുത്തി കുടുക്കുകയായിരുന്നുവെന്ന് വെള്ളാപ്പള്ളി നടേശന് പ്രതികരിച്ചിരുന്നു.
ഇന്നലെയാണ് ബിഡിജെഎസ് നേതാവ് തുഷാര്‍ വെള്ളാപ്പള്ളി യുഎഇയിലെ അജ്മാനില്‍ വെച്ച് അറസ്റ്റിലായത്. തൃശ്ശൂര്‍ സ്വദേശി നാസില്‍ അബ്ദുള്ളയുടെ പരാതിയിലാണ് യു.എ.ഇ പോലീസിന്റെ നടപടി. പത്ത് മില്യണ്‍ യു.എ.ഇ ദിര്‍ഹത്തിന്റെ വണ്ടിച്ചെക്കാണ് തുഷാര്‍ വെള്ളാപ്പള്ളി മുന്‍ ബിസിനസ് പങ്കാളി കൂടിയായ നാസിലിന് നല്‍കിയത്. ഇയാളുമായി ചേര്‍ന്ന് മുന്‍പ് യു.എ.ഇ ആസ്ഥാനമായി ബോയിംഗ് എന്ന പേരില്‍ തുഷാര്‍ നിര്‍മ്മാണ കമ്പനി നടത്തിയിരുന്നു.
കമ്പനിയുടെ ഉപകരാര്‍ ജോലികള്‍ ചെയ്തിരുന്നത് നാസിലാണ്. എന്നാല്‍ കമ്പനി പൊട്ടിയതോടെ തുഷാര്‍ വെള്ളാപ്പള്ളി നാട്ടിലേക്ക് മുങ്ങി. ഈ സമയത്ത് നാസിലിന് ഏതാണ്ട് പത്തൊമ്പതര കോടി രൂപയുടെ ചെക്ക് തുഷാര്‍ കൈമാറിയിരുന്നു. നാട്ടിലെത്തിയ ശേഷം പണം ലഭിക്കാന്‍ നാസില്‍ ശ്രമം നടത്തിയെങ്കിലും നടന്നില്ല. സ്വാധീനം ഉപയോഗിച്ച് തുഷാര്‍ പണം തരാതിരിക്കാന്‍ ശ്രമിച്ചതായി നാസില്‍ ആരോപിക്കുന്നു.
സ്വദേശിയായ വ്യക്തിയുടെ മധ്യസ്ഥതയില്‍ പണം സംബന്ധിച്ച കാര്യങ്ങള്‍ ഒത്തുതീര്‍ക്കാമെന്ന് പറഞ്ഞ് നാസില്‍ വെള്ളാപ്പള്ളിയെ അജ്മാനിലേക്ക് വിളിച്ചുവരുത്തി. തുടര്‍ന്നാണ് അറസ്റ്റ് ഉണ്ടായിരിക്കുന്നത്. അതേസമയം പത്തുവര്‍ഷം മുന്‍പ് നല്കിയ ചെക്ക് അസാധുവാണെന്നാണ് തുഷാറിന്റെ വാദം. എന്നാല്‍ ഇത് യു.എ.ഇ കോടതിയില്‍ വിലപോകില്ലെന്നാണ് റിപ്പോര്‍ട്ട്.