ദോഹ വിമാനത്താവളത്തില്‍ സ്ത്രീകളുടെ തുണിയുരിഞ്ഞ് പരിശോധന; ഓസ്‌ട്രേലിയയുടെ പ്രതിഷേധത്തിന് പിന്നാലെ ഖേദം പ്രകടിപ്പിച്ച് ഖത്തര്‍

ദോഹ വിമാനത്താവളത്തില് സ്ത്രീ യാത്രക്കാരുടെ തുണിയുരിഞ്ഞ് പരിശോധന നടത്തിയ സംഭവത്തില് ഖേദ പ്രകടനവുമായി ഖത്തര്.
 | 
ദോഹ വിമാനത്താവളത്തില്‍ സ്ത്രീകളുടെ തുണിയുരിഞ്ഞ് പരിശോധന; ഓസ്‌ട്രേലിയയുടെ പ്രതിഷേധത്തിന് പിന്നാലെ ഖേദം പ്രകടിപ്പിച്ച് ഖത്തര്‍

ദോഹ: ദോഹ വിമാനത്താവളത്തില്‍ സ്ത്രീ യാത്രക്കാരുടെ തുണിയുരിഞ്ഞ് പരിശോധന നടത്തിയ സംഭവത്തില്‍ ഖേദ പ്രകടനവുമായി ഖത്തര്‍. ഓസ്‌ട്രേലിയന്‍ പ്രധാനമന്ത്രി പ്രതിഷേധം അറിയിച്ചതിന് പിന്നാലെയാണ് ഖത്തറിന്റെ ഖേദപ്രകടനം. ഒക്ടോബര്‍ 2നായിരുന്നു വിവാദത്തിന് ആസ്പദമായ സംഭവം നടന്നത്. ദോഹയിലെ ഹമദ് രാജ്യാന്തര വിമാനത്താവളത്തില്‍ നിന്ന് സിഡ്‌നിയിലേക്ക് പുറപ്പടാന്‍ തയ്യാറായ ഖത്തര്‍ എയര്‍വേയ്‌സ് വിമാനത്തിലെ യാത്രക്കാരായ സ്ത്രീകളെയാണ് പരിശോധനയ്ക്ക് വിധേയരാക്കിയത്.

വിമാനത്താവളത്തിലെ ശുചിമുറിയില്‍ നവജാത ശിശുവിനെ ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തിയതിന് പിന്നാലെയായിരുന്നു അധികൃതര്‍ അസാധാരണ നീക്കം നടത്തിയത്. സിഡ്‌നി വിമാനത്തിലെ യാത്രക്കാരില്‍ ആരെങ്കിലുമാണോ കുട്ടിയുടെ അമ്മ എന്ന് കണ്ടെത്തുന്നതിനായി പരിശോധന നടത്താന്‍ തീരുമാനിക്കുകയായിരുന്നു. 13 ഓസ്‌ട്രേലിയക്കാരുള്‍പ്പെടെ 18 സ്ത്രീകളുടെ യോനിയില്‍ പരിശോധന നടത്തി. സംഭവത്തില്‍ ഓസ്‌ട്രേലിയ ശക്തമായ പ്രതിഷേധമാണ് അറിയിച്ചത്.

ലൈംഗികാതിക്രമത്തിന് തുല്യമാണ് ഇത്തരം പരിശോധനയെന്നാണ് മനുഷ്യാവകാശ പ്രവര്‍ത്തകര്‍ അഭിപ്രായപ്പെട്ടത്. ആദ്യഘട്ടത്തില്‍ പ്രതികരിക്കാന്‍ തയ്യാറാകാതിരുന്ന ഖത്തര്‍ പിന്നീട് ക്ഷമാപണവുമായി രംഗത്തെത്തുകയായിരുന്നു. കുറ്റവാളികള്‍ രക്ഷപ്പെടാതിരിക്കുന്നതിനായാണ് ഇങ്ങനെയൊരു പരിശോധന നടത്തേണ്ടി വന്നതെന്നും യാത്രക്കാരുടെ വ്യക്തിസ്വാതന്ത്ര്യത്തിന്റെ ലംഘനമായതില്‍ ഖേദിക്കുന്നുവെന്നുമാണ് ഗവണ്‍മെന്റ് വെബ്‌സൈറ്റില്‍ നല്‍കിയ പ്രസ്താവനയില്‍ ഖത്തര്‍ വ്യക്തമാക്കിയിരിക്കുന്നത്.

സംഭവത്തില്‍ സമഗ്രവും സുതാര്യവുമായ അന്വേഷണം നടത്തുമെന്ന് ഖത്തര്‍ പ്രധാനമന്ത്രി ഷെയ്ഖ് ഖാലിദ് ബിന്‍ ഖലീഫ ബിന്‍ അബ്ദുള്‍അസീസ് അല്‍ താനി പ്രസ്താവനയില്‍ വിശദീകരിച്ചു.