ബിനോയി കോടിയേരിയുടെ മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ വിധി പറയുന്നത് മാറ്റി

അറസ്റ്റുണ്ടാകുമെന്ന് നേരത്തെ റിപ്പോര്ട്ടുകള് പുറത്തുവന്നതോടെ പ്രതി ചേര്ക്കപ്പെട്ട ബിനോയി ഒളിവില് പോയിരുന്നു.
 | 
ബിനോയി കോടിയേരിയുടെ മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ വിധി പറയുന്നത് മാറ്റി

മുംബൈ: വിവാഹ വാഗ്ദാനം നല്‍കി പീഡിപ്പിച്ചുവെന്ന കേസില്‍ സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ മകന്‍ ബിനോയി കോടിയേരി നല്‍കിയ മുന്‍കൂര്‍ ജാമ്യപേക്ഷയില്‍ വിധി വൈകും. ഹര്‍ജിയില്‍ ഇന്ന് വിധിയുണ്ടാകുമെന്നായിരുന്നു നേരത്തെ ലഭ്യമായ വിവരം. എന്നാല്‍ ഇന്ന് കേസ് പരിഗണിച്ച മുംബൈ കോടതി വിധി പറയുന്നത് ഈ മാസം 27ലേക്ക് മാറ്റി. അറസ്റ്റുണ്ടാകുമെന്ന് നേരത്തെ റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നതോടെ പ്രതി ചേര്‍ക്കപ്പെട്ട ബിനോയി ഒളിവില്‍ പോയിരുന്നു.

ജാമ്യാപേക്ഷയില്‍ വിധി പറയുന്നത് വരെ ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിക്കേണ്ടതില്ലെന്നാണ് മുംബൈ പോലീസിന്റെ തീരുമാനം. എന്നാല്‍ ബിനോയിക്ക് വേണ്ടിയുള്ള തെരച്ചില്‍ ഊര്‍ജിതമായി തുടരും. ബിനോയി കേരളം വിട്ടതായി കഴിഞ്ഞ ദിവസം റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു. മുന്‍കൂര്‍ ജാമ്യപേക്ഷയുമായി ബന്ധപ്പെട്ട് വിധി പറയുന്നത് വരെ ബിനോയി ഹാജരാകാന്‍ സാധ്യതയില്ലെന്നാണ് അദ്ദേഹവുമായി അടുത്ത വൃത്തങ്ങള്‍ നല്‍കുന്ന സൂചന.

യുവതി പോലീസില്‍ ഹാജരാക്കിയിരിക്കുന്ന ഡിജിറ്റല്‍ തെളിവുകള്‍ പോലീസ് പരിശോധിച്ച് വരികയാണ്. തെളിവുകള്‍ ശാസ്ത്രീയ പരിശോധനയ്ക്ക് വിധേയമാക്കുമെന്ന് നേരത്തെ പോലീസ് വ്യക്തമാക്കിയിരുന്നു. ശാസ്ത്രീയ പരിശോധന പൂര്‍ത്തിയായതിന് ശേഷം മാത്രമെ തുടര്‍ നടപടികളിലേക്ക് പോലീസ് കടക്കു.

മുംബൈ അന്ധേരിയിലെ ഒഷിവാര പോലീസ് സ്റ്റേഷനില്‍ കഴിഞ്ഞ വ്യാഴാഴ്ച്ചയാണ് 33കാരിയായ യുവതി ബിനോയിക്കെതിരെ പരാതി നല്‍കിയത്. വിവാഹ വാഗ്ദാനം നല്‍കി 2009 മുതല്‍ 2018 വരെ ബിനോയി പീഡിപ്പിച്ചതായി പരാതിക്കാരി ആരോപിക്കുന്നു. ബിനോയിയുമായുള്ള ബന്ധത്തില്‍ എട്ടു വയസുകാരനായ മകനുണ്ടെന്നും പരാതിയില്‍ പറയുന്നു.