അനുജന്റെ കുഞ്ഞിനെ കൊല്ലാന്‍ മൂന്ന് മാസത്തോളം അവസരം കാത്തിരുന്നു; ജസീലയുടെ കുറ്റസമ്മത മൊഴി

താമരശേരിയില് 7 മാസം പ്രായമായ കുഞ്ഞിനെ കൊലപ്പെടുത്തിയ കേസില് പ്രതിയായ ജസീലയുടെ കുറ്റസമ്മത മൊഴി പുറത്ത്. അനുജന്റെ ഭാര്യയോട് തോന്നിയ അസൂയയും കുടുംബത്തില് നേരിട്ട അവഗണനയുമാണ് കൊലപാതകം നടത്താന് പ്രേരിപ്പിച്ചതെന്നാണ് ജസീല മൊഴി നല്കിയിരിക്കുന്നത്. കൊലപാതകം നടത്താനായി 3 മാസമായി അവസരം കാത്തിരിക്കുകയായിരുന്നുവെന്നും ജസീല മൊഴി നല്കിയിട്ടുണ്ട്. പത്ത് തവണയിലധികം കുട്ടിയെ കൊലപ്പെടുത്താന് ശ്രമിച്ചിരുന്നതായും പ്രതി സമ്മതിച്ചു.
 | 

അനുജന്റെ കുഞ്ഞിനെ കൊല്ലാന്‍ മൂന്ന് മാസത്തോളം അവസരം കാത്തിരുന്നു; ജസീലയുടെ കുറ്റസമ്മത മൊഴി

കോഴിക്കോട്: താമരശേരിയില്‍ 7 മാസം പ്രായമായ കുഞ്ഞിനെ കൊലപ്പെടുത്തിയ കേസില്‍ പ്രതിയായ ജസീലയുടെ കുറ്റസമ്മത മൊഴി പുറത്ത്. അനുജന്റെ ഭാര്യയോട് തോന്നിയ അസൂയയും കുടുംബത്തില്‍ നേരിട്ട അവഗണനയുമാണ് കൊലപാതകം നടത്താന്‍ പ്രേരിപ്പിച്ചതെന്നാണ് ജസീല മൊഴി നല്‍കിയിരിക്കുന്നത്. കൊലപാതകം നടത്താനായി 3 മാസമായി അവസരം കാത്തിരിക്കുകയായിരുന്നുവെന്നും ജസീല മൊഴി നല്‍കിയിട്ടുണ്ട്. പത്ത് തവണയിലധികം കുട്ടിയെ കൊലപ്പെടുത്താന്‍ ശ്രമിച്ചിരുന്നതായും പ്രതി സമ്മതിച്ചു.

ബക്കറ്റില്‍ മുക്കി കൊല്ലാനും തലയണ ഉപയോഗിച്ച് ശ്വാസം മുട്ടിച്ചു കൊല്ലാനുമുള്ള ശ്രമങ്ങള്‍ പരാജയപ്പെട്ടതിനെ തുടര്‍ന്നാണ് കിണറ്റിലെറിഞ്ഞ് കൊല്ലാന്‍ തീരുമാനിച്ചത്. കവര്‍ച്ചാ ശ്രമത്തിനിടെ അജ്ഞാതര്‍ കുട്ടിയെ കൊലപ്പെടുത്തിയതാണെന്ന് വരുത്തി തീര്‍ക്കാനായിരുന്നു പദ്ധതി. എന്നാല്‍ പോലീസിന് ജസീല നല്‍കിയ മൊഴികളിലെ വൈരുദ്ധ്യമാണ് വിനയായത്. ജസീലയുടെ ഭര്‍ത്താവിന് ഗള്‍ഫിലാണ് ജോലി. അദ്ദേഹം നാട്ടിലെത്തുമ്പോള്‍ മാത്രമാണ് ജസീല ഭര്‍തൃ ഗൃഹത്തിലേക്ക് പോകാറുള്ളത്. എല്ലാവരോടും സൗമ്യമായി ഇടപെടുന്ന വ്യക്തിയാണ് ജസീല. കൊലപ്പെടുത്തിയ കുഞ്ഞിനോട് അമിത സ്‌നേഹ പ്രകടനങ്ങള്‍ നടത്തിയിരുന്നു.

അനുജന്റെ ഭാര്യയോട് വീട്ടിലുള്ളവര്‍ കൂടുതല്‍ സ്‌നേഹം പ്രകടിപ്പിക്കുന്നതാണ് ജസീലയെ ചൊടിപ്പിച്ചത്. കുട്ടിയെ കൊലപ്പെടുത്തി അനുജന്റെ ഭാര്യ ഷമീനയോട് പകരം വീട്ടാന്‍ തീരുമാനിക്കുന്നത് സമീപകാലത്താണ്. അവസരങ്ങള്‍ക്കായി മാസങ്ങള്‍ കാത്തിരുന്നു. കുഞ്ഞിനെ ജസീലയ്‌ക്കൊപ്പം ഒറ്റയ്ക്ക് വിടാന്‍ ഷമീന തയ്യാറാകാത്തതിനാല്‍ മൂന്ന് മാസത്തോളം കാത്തിരിക്കേണ്ടി വന്നു. കൊലപാതകം നടന്ന ദിവസം കുഞ്ഞിനെ ഉറക്കി ഷമീന കുളിക്കാന്‍ പോയിരിക്കുകയായിരുന്നു. കൊലപാതകത്തില്‍ മറ്റാര്‍ക്കും പങ്കില്ലെന്ന് ജസീല മൊഴി നല്‍കിയിട്ടുണ്ടെങ്കിലും പോലീസ് ഇത് വിശ്വസിച്ചിട്ടില്ല. മറ്റാരുടെയെങ്കിലും പ്രേരണ കൊലയ്ക്ക് പിന്നിലുണ്ടോയെന്ന് അന്വേഷിച്ച് വരികയാണ്.