എ രാജയുടെ നിയമസഭാംഗത്വം റദ്ദാക്കിയ വിധിക്ക് പത്തു ദിവസത്തെ ഇടക്കാല സ്റ്റേ

 | 
raja

ദേവികുളം എംഎല്‍എ രാജയെ അയോഗ്യനാക്കിയ വിധിക്ക് ഇടക്കാല സ്റ്റേ. പത്തു ദിവസത്തേക്കാണ് ഹര്‍ജി ഹൈക്കോടതി സ്‌റ്റേ ചെയ്തത്. ഈ പത്തു ദിവസത്തിനകം സുപ്രീം കോടതിയില്‍ അപ്പീല്‍ സമര്‍പ്പിക്കണം. അപ്പീല്‍ നല്‍കുന്നതിനായാണ് ഇടക്കാല സ്റ്റേ അനുവദിച്ചത്. 

രാജയുടെ നിയമസഭാംഗത്വം റദ്ദാക്കിയ അതേ ബെഞ്ച് തന്നെയാണ് സ്റ്റേ അനുവദിച്ചിരിക്കുന്നത്. സ്റ്റേ കാലയളവില്‍ എംഎല്‍എ എന്ന നിലയില്‍ രാജയ്ക്ക് നിയമസഭയില്‍ വോട്ടിംഗില്‍ പങ്കെടുക്കാനോ നിയമസഭാംഗമെന്ന നിലയില്‍ മറ്റ് ആനുകൂല്യങ്ങള്‍ കൈപ്പറ്റാനും കഴിയില്ലെന്നും കോടതി വ്യക്തമാക്കി.

ക്രിസ്തുമതവിശ്വാസിയായ രാജയ്ക്ക് സംവരണ മണ്ഡലത്തില്‍ മത്സരിക്കാന്‍ യോഗ്യതയില്ലെന്നു ചൂണ്ടിക്കാട്ടിയാണ് ഹൈക്കോടതി നിയമസഭാംഗത്വം റദ്ദാക്കിയത്. എതിര്‍ സ്ഥാനാര്‍ഥിയായിരുന്ന യു.ഡി.എഫിലെ ഡി. കുമാറായിരുന്നു പരാതിക്കാരന്‍.