തിരുവനന്തപുരത്ത് രോഗിയായ അച്ഛനെ കൊല്ലാന്‍ ശ്രമിച്ച് പതിനഞ്ചുകാരന്‍

 | 
Police

തിരുവനന്തപുരത്ത് രോഗിയായ അച്ഛനെ കൊലപ്പെടുത്താന്‍ ശ്രമിച്ച് പതിനഞ്ചുകാരന്‍. കണ്ണില്‍ മുളകുപൊടി എറിഞ്ഞ ശേഷം ചുറ്റിക കൊണ്ട് തലയ്ക്കടിച്ച് കൊല്ലാനായിരുന്നു ശ്രമം. ഇതിനായി കൂട്ടുകാരന്റെ സഹായവും തേടി. സംഭവത്തില്‍ ഗുരുതരമായി പരിക്കേറ്റ പിതാവിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പിന്നീട് ആത്മഹത്യക്ക് ശ്രമിച്ച മകനെയും ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. 
 
വൃക്കരോഗിയായ പിതാവ് ഡയാലിസിസിന് വിധേയനാകുന്നയാളാണ്. ഇയാള്‍ മകനെ നിരന്തരം മര്‍ദ്ദിച്ചിരുന്നുവെന്ന് പോലീസ് അറിയിച്ചു. ഇതില്‍ പ്രകോപിതനായാണ് മകന്‍ അച്ഛനെ കൊല്ലാന്‍ തീരുമാനിച്ചത്. പിതാവിന്റെ മുഖത്ത് മുളകുപൊടി എറിഞ്ഞ ശേഷം വായില്‍ തുണി തിരുകി കമിഴ്ത്തിക്കിടത്തി തലയില്‍ ചുറ്റിക കൊണ്ട് അടിക്കുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ അച്ഛനെ തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചു. 

പോലീസ് പിടികൂടുമെന്ന ഭയത്തില്‍ പതിനഞ്ചുകാരന്‍ വീട്ടിനുള്ളില്‍ തൂങ്ങിമരിക്കാന്‍ ശ്രമിക്കുകയായിരുന്നു. ജനല്‍ കമ്പിയില്‍ തുണി കെട്ടി ആത്മഹത്യ ചെയ്യാന്‍ ശ്രമിക്കുന്നത് അയല്‍ക്കാര്‍ കാണുകയും പോലീസില്‍ അറിയിക്കുകയും ചെയ്തു. തുടര്‍ന്ന് പോത്തന്‍കോട് പോലീസ് എത്തി വാതില്‍ ചവിട്ടിപ്പൊളിച്ച് ഇയാളെ ആശുപത്രിയില്‍ എത്തിക്കുകയായിരുന്നു.