നോര്‍ത്ത് പറവൂരിലെ മജ്ലിസ് ഹോട്ടലില്‍ നിന്ന് ഭക്ഷണം കഴിച്ച 27 പേര്‍ക്ക് ഭക്ഷ്യവിഷബാധ; ഹോട്ടല്‍ പൂട്ടി.

 | 
northParavoor

നോര്‍ത്ത് പറവൂരില്‍ ഹോട്ടലില്‍ നിന്ന് ഭക്ഷണം കഴിച്ചവര്‍ക്ക് ഭക്ഷ്യവിഷബാധ. 27 പേര്‍ ചികിത്സ തേടി. ഛര്‍ദ്ദിയും വയറുവേദനയും ഉള്‍പ്പെടെയുള്ള രോഗ ലക്ഷണങ്ങളോടെയാണ് ഇവരെ പറവൂര്‍ താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ഭക്ഷ്യവിഷബാധയേറ്റവരില്‍ ഒന്‍പത് പേര്‍ കുന്നുകര എം.ഇ.എസ്. കോളേജ് വിദ്യാര്‍ഥികളാണ്. 

തിങ്കളാഴ്ച വൈകിട്ട് ഹോട്ടലില്‍ നിന്ന് കുഴിമന്തിയും അല്‍ഫഹമും കഴിച്ചവര്‍ക്കാണ് ശാരീരികാസ്വാസ്ഥ്യം ഉണ്ടായത്. സംഭവത്തെത്തുടര്‍ന്ന് ഹോട്ടല്‍ നഗരസഭാ ആരോഗ്യ വിഭാഗം അന്വേഷണ വിധേയമായി അടപ്പിച്ചു. ഹെല്‍ത്ത് സൂപ്പര്‍വൈസര്‍ ആര്‍.ബിനോയിയുടെ നേതൃത്വത്തില്‍ നഗരസഭ ആരോഗ്യ വിഭാഗമാണ് ഹോട്ടല്‍ അടപ്പിച്ചത്. ഭക്ഷ്യസുരക്ഷാ വകുപ്പും ഹോട്ടലില്‍ പരിശോധന നടത്തി. 

ചെറിയ ലക്ഷണങ്ങള്‍ മാത്രമുള്ളവര്‍ പ്രാഥമിക ചികിത്സയ്ക്ക് ശേഷം മടങ്ങി. കടുത്ത വയറുവേദന ഉള്‍പ്പെടെ അനുഭവപ്പെട്ട ഏതാനും പേരെ കളമശ്ശേരി മെഡിക്കല്‍ കോളേജിലേക്കും മാറ്റിയിട്ടുണ്ട്