കാക്കനാട്ടെ ഡിഎൽഎഫ് ഫ്ലാറ്റ് സമുച്ചയത്തിൽ 338 പേർക്ക് ഛർദ്ദിയും വയറിളക്കവും; രോ​ഗബാധ കുടിവെള്ളത്തിൽ നിന്നെന്ന് സൂചന

 | 
DLF

കാക്കനാട്ടെ ഫ്ലാറ്റ് സമുച്ചയത്തിൽ 338 പേർക്ക് ഛർദിയും വയറിളക്കവും. കുടിവെള്ളത്തിൽനിന്നാണ് രോഗബാധയെന്നു സംശയിക്കുന്നു. ആരോഗ്യവകുപ്പിന്റെ റിപ്പോർട്ട് വന്നശേഷമേ ഇക്കാര്യം സ്ഥിരീകരിക്കാനാകൂ. 15 ടവറുകളിലായി 1268 ഫ്ലാറ്റുകളിൽ 5000ത്തിലേറെ പേർ ഇവിടെ താമസിക്കുന്നുണ്ട്. ജല അതോറിറ്റി, മഴവെള്ള സംഭരണി, കുഴൽകിണർ, കിണർ, ടാങ്കർ വെള്ളം എന്നിവിടങ്ങളിലെ വെള്ളമാണ് ഫ്ലാറ്റിലെ താമസക്കാർ ഉപയോഗിച്ചത്.

രോഗലക്ഷണങ്ങൾ തുടങ്ങിയത് മേയ് അവസാനവാരമാണ്. ആരോഗ്യ മന്ത്രിയുടെ ഓഫിസിൽ ഇന്നലെ വിളിച്ച് പരാതി പറഞ്ഞശേഷമാണ് ആരോഗ്യവകുപ്പ് അധികൃതർ എത്തിയതെന്ന് താമസക്കാർ ആരോപിച്ചു. അഞ്ഞൂറിലധികം പേർക്ക് രോഗബാധയുണ്ടായതായി സംശയിക്കുന്നതായി ഫ്ലാറ്റിലെ താമസക്കാർ പറഞ്ഞു. ജില്ലാ മെഡിക്കൽ ഓഫിസറോട് ആരോഗ്യമന്ത്രി റിപ്പോർട്ട് തേടി.

കഴിഞ്ഞ 2 മാസത്തോളമായി ഛർദിയും വയറിളക്കവുമായി പലരും ചികിത്സ തേടിയിരുന്നു. ഫ്ലാറ്റിൽ ഉപയോഗിക്കുന്ന വെള്ളത്തിൽ ഇ കോളിഫോം ബാക്ടീരിയയുടെ സാന്നിധ്യം കണ്ടെത്തിയിരുന്നതായും റിപ്പോർട്ടുണ്ട്. ഫ്ലാറ്റിലെ താമസക്കാരിലൊരാൾ മന്ത്രിയെ വിളിച്ചു പറഞ്ഞതിന്റെ അടിസ്ഥാനത്തിൽ  ആരോഗ്യവകുപ്പ് അധികൃതരെ മന്ത്രി ഇടപെട്ട് ഫ്ലാറ്റുകളിലേക്ക് അയയ്ക്കുകയായിരുന്നു. തുടർന്ന്, വെള്ളത്തിന്റെ സാംപിളുകൾ പരിശോധനയ്ക്ക് അയയ്ക്കുകയും താമസക്കാരിൽനിന്നു വിവരങ്ങൾ ചോദിച്ചറിയുകയും ചെയ്തു. ടാങ്കുകളെല്ലാം ശുചിയാക്കി പുതിയ വെള്ളം നിറച്ചതായി അസോസിയേഷൻ വ്യക്തമാക്കി.

ഇന്നലെയാണ് ഫ്ലാറ്റിലുള്ളവർ വിളിച്ച് പ്രശ്നം പറഞ്ഞതെന്ന് ആരോഗ്യമന്ത്രി വീണാ ജോർജ് പറഞ്ഞു. എണ്ണൂറിലധികംപേർക്ക് അസുഖമുണ്ടായി എന്നാണ് ഫ്ലാറ്റിലുള്ളവർ പറഞ്ഞത്. ഉടനെ ആരോഗ്യവകുപ്പ് മേധാവിയെ വിളിച്ച് വിവരം പറഞ്ഞു. സ്വകാര്യ ആശുപത്രിയിലാണ് മിക്കവരും ചികിത്സ തേടിയത്. അതിനാൽ ആരോഗ്യവകുപ്പിൽ ഈ വിവരം ഉണ്ടായിരുന്നില്ല.

സീനിയർ ഡോക്ടർമാർ ഫ്ലാറ്റുകളിൽ പരിശോധന നടത്തി വെള്ളത്തിന്റെ സാംപിൾ ശേഖരിച്ചു. താമസക്കാരുമായി ആശയവിനിമയം നടത്തി. ശുദ്ധമായ കുടിവെള്ളം ഉപയോഗിക്കാത്തതിനാൽ പ്രശ്നങ്ങൾ വർധിക്കുന്നുണ്ട്. ആരോഗ്യവകുപ്പ് ഗൗരവത്തോടെയാണ് വിഷയത്തെ കാണുന്നത്. 340 പേർക്ക് രോഗം ബാധിച്ചതായാണ് ആരോഗ്യവകുപ്പിന്റെ റിപ്പോർട്ട്. 5 പേർ ആശുപത്രിയിൽ ചികിത്സയിലാണ്. ബോധവൽക്കരണ പ്രവർത്തനം ആരംഭിച്ചതായും മന്ത്രി പറഞ്ഞു.