കളമശ്ശേരിയില്‍ ആഴ്ചകള്‍ പഴക്കമുള്ള 500 കിലോ കോഴിയിറച്ചി പിടികൂടി; ഇറച്ചി സൂക്ഷിച്ചത് ഷവര്‍മ-കുഴിമന്തി കടകള്‍ക്ക് വിതരണം ചെയ്യാന്‍

 | 
chicken

കളമശ്ശേരിയില്‍ 500 കിലോ പഴകിയ കോഴിയിറച്ചി പിടികൂടി. ആഴ്ചകളോളം പഴക്കമുള്ള ഇറച്ചിയാണ് പിടികൂടിയത്. കൈപ്പടമുഗളില്‍ പ്രവര്‍ത്തിക്കുന്ന സെന്‍ട്രല്‍ കിച്ചണില്‍ നിന്നാണ് ഇറച്ചി പിടികൂടിയത്. കൊച്ചി നഗരത്തിലെ ഷവര്‍മ-കുഴിമന്തി കടകളിലേക്ക് വിതരണത്തിനായി സൂക്ഷിച്ചിരുന്നതാണ് ഇറച്ചിയെന്നാണ് വിവരം. കളമശ്ശേരി ആരോഗ്യവിഭാഗമാണ് റെയ്ഡ് നടത്തിയത്. 

കൊച്ചിയില്‍ പലയിടത്തും പ്രവര്‍ത്തിക്കുന്ന കുഴിമന്തി-ഷവര്‍മ കടകളിലേക്ക് ഇവിടെ നിന്നാണ് കോഴിയിറച്ചി എത്തിക്കുന്നത്. പിടികൂടി ഇറച്ചി ചീഞ്ഞ് ദുര്‍ഗന്ധം വമിക്കുന്ന വിധത്തിലായിരുന്നു. ഹോട്ടല്‍ ജീവനക്കാര്‍ താമസിക്കുന്ന വാടകക്കെട്ടിടത്തിന്റെ മുറ്റത്ത് ഫ്രീസറില്‍ സൂക്ഷിച്ച നിലയിലായിരുന്നു ഇറച്ചി. 

തമിഴ്‌നാട്ടില്‍ നിന്നെത്തിച്ച ഇറച്ചിയാണ് ഇതെന്നും സൂചനയുണ്ട്. പാലക്കാട് സ്വദേശി ജുനൈസ് എന്നയാളുടെ ഉടമസ്ഥതയിലുള്ള സ്ഥാപനമാണ് ഇത്. മാംസ വിഭവങ്ങള്‍ ഇവിടെ തയ്യാറാക്കി ഹോട്ടലുകളില്‍ വിതരണം ചെയ്യാറുമുണ്ട്. പഴകിയ എണ്ണയും ഇവിടെ നിന്ന് പിടിച്ചെടുത്തു.