തെരുവുനായയുടെ കടിയേറ്റ് മരിച്ച പന്ത്രണ്ടു വയസുകാരിക്ക് പേവിഷബാധ സ്ഥിരീകരിച്ചു
തെരുവുനായയുടെ കടിയേറ്റ് ചികിത്സയിലിരിക്കെ മരിച്ച പെണ്‍കുട്ടിക്ക് പേവിഷബാധ സ്ഥിരീകരിച്ചു. പത്തനംതിട്ട പെരുനാട് സ്വദേശിനി അഭിരാമിക്കാണ് മരണശേഷം പേവിഷബാധ സ്ഥിരീകരിച്ചത്. പുനെ വൈറോളജി ലാബില്‍ നടത്തിയ സ്രവ സാംപിള്‍ പരിശോധനയിലാണ് പേവിഷ ബാധയുണ്ടായിരുന്നതായി സ്ഥിരീകരിച്ചത്. കോട്ടയം മെഡിക്കല്‍ കോളജില്‍ ചികിത്സയിലിരിക്കെ തിങ്കളാഴ്ച ഉച്ചയ്ക്കാണ് പന്ത്രണ്ടു വയസ്സുകാരിയായ അഭിരാമി മരണത്തിനു കീഴടങ്ങിയത്.
പേ വിഷബാധയ്‌ക്കെതിരെ മൂന്നു ഡോസ് വാക്‌സീന്‍ എടുത്തിട്ടും അഭിരാമി അതീവ ഗുരുതരാവസ്ഥയിലാകുകയായിരുന്നു. ഓഗസ്റ്റ് 13ന് രാവിലെ പാലു വാങ്ങാന്‍ പോകുമ്പോഴാണ് അഭിരാമിയെ തെരുവുനായ ആക്രമിച്ചത്. ശരീരത്തിന്റെ വിവിധ ഭാഗത്തു കടിയേറ്റിരുന്നു. ഇതില്‍ കണ്ണിന് സമീപത്തേത് ആഴത്തിലുള്ള മുറിവാണ്.
തെരുവുനായ അരമണിക്കൂറോളം കുട്ടിയെ ആക്രമിച്ചു എന്നാണ് വിവരം. പല്ലിനു പുറമേ നഖം കൊണ്ടുള്ള മുറിവുകളും ഉണ്ടായിട്ടുണ്ട്. വേണ്ടത്ര ചികിത്സ നല്‍കാത്തതാണ് അഭിരാമിയുടെ മരണത്തിനു കാരണമെന്ന് കുടുംബം ആരോപിച്ചിരുന്നു.