തിരുവനന്തപുരത്ത് മൂന്നംഗ കുടുംബം തീകൊളുത്തി ആത്മഹത്യ ചെയ്ത നിലയില്‍.
തിരുവനന്തപുരത്ത് മൂന്നംഗ കുടുംബത്തെ തീ കൊളുത്തി മരിച്ച നിലയില്‍ കണ്ടെത്തി. കഠിനംകുളത്താണ് സംഭവം. പടിഞ്ഞാറ്റുമുക്ക് സ്വദേശി രമേശന്‍ (48), ഭാര്യ സുലജ കുമാരി (46), മകള്‍ രേഷ്മ (23) എന്നിവരാണ് മരിച്ചത്. കിടപ്പുമുറിയിലാണ് മൃതദേഹങ്ങള്‍ കണ്ടെത്തിയത്. രമേശന്‍ കഴിഞ്ഞ ദിവസമാണ് ഗള്‍ഫില്‍ നിന്ന് വന്നത്. കടബാധ്യത മൂലമുള്ള ആത്മഹത്യയാണെന്നാണ് സൂചന. പലിശക്കുരുക്കില്‍ പെട്ടതിനെത്തുടര്‍ന്നാണ് ആത്മഹത്യയെന്ന് കരുതുന്നു.
പലിശയ്ക്ക് കടംവാങ്ങിയത് പിന്നീട് ലക്ഷങ്ങളുടെ കടമായി മാറുകയും വീടും സ്ഥലവും വിറ്റ് കടം തീര്‍ക്കാന്‍ ശ്രമിച്ചിട്ടും സാധിക്കാതെ വരികയും ചെയ്തതായി ബന്ധുക്കള്‍ പറഞ്ഞു. പലിശക്കാര്‍ രമേശന്റെ വീടും സ്ഥലവും ഈടായി കാണിച്ച് കേസ് കൊടുത്തതോടെ പുതിയ വായ്പയെടുക്കാന്‍ കഴിയാത്ത സാഹചര്യമുണ്ടാകുകയും ചെയ്തു.
വ്യാഴാഴ്ച അര്‍ദ്ധരാത്രിയാണ് ഇവര്‍ തീകൊളുത്തിയത്. അകത്തു നിന്ന് പൂട്ടിയ മുറിയുടെ ജനല്‍ച്ചില്ലുകള്‍ പൊട്ടുന്ന ശബ്ദം കേട്ട് അയല്‍വാസികള്‍ നോക്കിയപ്പോള്‍ മുറിക്കുള്ളില്‍ തീ കത്തുന്നതു കണ്ടു. ഇതിന് തൊട്ടടുത്ത മുറിയില്‍ സുലജ കുമാരിയുടെ അച്ഛനും അമ്മയും ഉണ്ടായിരുന്നു.