ന്റിക്കാക്കാക്കൊരു പ്രേമണ്ടാര്‍ന്ന്! ഭാവന മലയാളത്തിലേക്ക് തിരിച്ചെത്തുന്നു
അഞ്ചു വര്‍ഷത്തിന് ശേഷം ഭാവന മലയാള സിനിമയിലേക്ക് തിരിച്ചെത്തുന്നു. ബോണ്‍ഹോമീ എന്റര്‍ടെയിന്‍മെന്റിന്റെ ബാനറില്‍ ആദില്‍ മൈമൂനക്ക് അഷറഫ് സംവിധാനം ചെയ്യുന്ന ന്റിക്കാക്കാക്കൊരു പ്രേമണ്ടാര്‍ന്ന് എന്ന ചിത്രത്തിലൂടെയാണ് ഭാവന തിരിച്ചു വരവിനൊരുങ്ങുന്നത്. മമ്മൂട്ടിയാണ് ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പുറത്തുവിട്ടത്. സിനിമയുടെ ചിത്രീകരണം ഉടന്‍ ആരംഭിക്കുമെന്ന് ഫസ്റ്റ് ലുക്ക് പങ്കുവെച്ചുകൊണ്ട് ഭാവന അറിയിച്ചു.
ഷറഫുദ്ദീന്‍ നായകനാകുന്ന ചിത്രം ഓണത്തിന് തിയേറ്ററുകളില്‍ എത്തുമെന്നാണ് സൂചന. മാധ്യമപ്രവര്‍ത്തക ബര്‍ഖ ദത്തുമായി നടത്തിയ അഭിമുഖത്തില്‍ താന്‍ മലയാള സിനിമയിലേക്ക് തിരികെയെത്തുമെന്ന് ഭാവന വ്യക്തമാക്കിയിരുന്നു. കഴിഞ്ഞ 5 വര്‍ഷമായി താന്‍ മലയാളത്തില്‍ നിന്ന് വിട്ടുനില്‍ക്കുകയായിരുന്നു. പക്ഷേ മറ്റു ഭാഷകളില്‍ ചിത്രങ്ങള്‍ ചെയ്യുന്നുണ്ടായിരുന്നു. ഇപ്പോള്‍ കഥകള്‍ കേള്‍ക്കുകയാണെന്നും ഭാവന പറഞ്ഞിരുന്നു.
ഭാവനയുടേതായി ഒന്നിലേറെ ചിത്രങ്ങള്‍ അണിയറയില്‍ ഒരുങ്ങുന്നുണ്ടെന്നാണ് സൂചനകള്‍. ആക്രമണത്തിനിരയായ സംഭവത്തിന് ശേഷം തനിക്ക് മലയാളത്തില്‍ അവസരങ്ങള്‍ നിഷേധിക്കപ്പെട്ടിരുന്നു. ആഷിഖ് അബു, പൃഥ്വിരാജ്, ഭദ്രന്‍ തുടങ്ങിയവര്‍ അവസരങ്ങളുമായി തന്നെ സമീപിച്ചിരുന്നുവെന്നും ഭാവന വ്യക്തമാക്കിയിരുന്നു.