എയ്ഡഡ് മാനേജ്മെന്റ് ക്വാട്ട പ്രവേശനം; എന്‍എസ്എസിന്റെ ഹര്‍ജി സുപ്രീം കോടതി തള്ളി

 | 
sukumaran nair

 
എയ്ഡഡ് ഹോമിയോ മെഡിക്കല്‍ കോളേജുകളിലെ മാനേജ്‌മെന്റ് ക്വാട്ട പ്രവേശനം സംബന്ധിച്ച് എന്‍എസ്എസ് നല്‍കിയ ഹര്‍ജി സുപ്രീം കോടതി തള്ളി. മാനേജ്‌മെന്റ് ക്വാട്ടയില്‍ പ്രവേശനം നല്‍കാന്‍ സമ്പൂര്‍ണ്ണ അധികാരം നല്‍കണമെന്ന് ആവശ്യപ്പെട്ടായിരുന്നു ഹര്‍ജി. എയ്ഡഡ് ഹോമിയോ മെഡിക്കല്‍ കോളേജിലെ 15 ശതമാനം മാനേജ്മെന്റ് സീറ്റുകളിലേക്കുള്ള പ്രവേശനത്തില്‍ സര്‍ക്കാര്‍ ഇടപെടല്‍ അനുവദിക്കുന്ന 2017ലെ മഡിക്കല്‍ വിദ്യാഭ്യാസ നിയമഭേദഗതിക്കെതിരെയായിരുന്നു എന്‍എസ്എസിന്റെ ഹര്‍ജി. 

ഹര്‍ജി ജസ്റ്റിസ് ഡിവൈ ചന്ദ്രചൂഡ്, ജസ്റ്റിസ് ഹിമ കോഹ്ലി എന്നിവരടങ്ങുന്ന ബെഞ്ചാണ് തള്ളിയത്. മെഡിക്കല്‍ വിദ്യാഭ്യാസ മേഖലയിലെ എയ്ഡഡ് കോളേജുകളേയും അണ്‍ എയ്ഡഡ് കോളേജുകളേയും ഒരു പോലെ കാണാന്‍ കഴിയില്ലെന്ന് എന്‍എസ്എസ് വാദിച്ചു. ഹൈക്കോടതിയിലെത്തിയപ്പോഴും എന്‍എസ്എസിന് തിരിച്ചടി കിട്ടിയിരുന്നു. സര്‍ക്കാര്‍ പണം നല്‍കുന്ന എയ്ഡഡ് മെഡിക്കല്‍ കോളേജുകളിലെ പ്രവേശന നടപടിക്രമങ്ങളില്‍ നിയന്ത്രണങ്ങള്‍ കൊണ്ട് വരാന്‍ സര്‍ക്കാരിന് അധികാരമുണ്ടെന്ന് ഹര്‍ജി തള്ളിക്കൊണ്ട് കോടതി ചൂണ്ടിക്കാട്ടി. 

കേരള മെഡിക്കല്‍ വിദ്യാഭ്യാസ നിയമഭേദഗതിയിലെ 2 (പി) വകുപ്പ് പ്രകാരം 15 ശതമാനം മാനേജ്മെന്റ് സീറ്റുകളിലേക്ക് നടക്കുന്ന പ്രവേശനത്തിന് സംസ്ഥാന ഫീസ് നിര്‍ണയ സമിതിയുടെ അനുമതി വേണം. പ്രവേശനം നേടുന്ന വിദ്യാര്‍ത്ഥികളുടെ രേഖകളും വിവരങ്ങളും പരിശോധിക്കാന്‍ സമിതിക്ക് അധികാരമുണ്ട്. സര്‍ക്കാരിന്റെ ഫീസ് നിര്‍ണയ സമിതിയുടെ നിയന്ത്രണം ചട്ടലംഘനമാണെന്നും എന്‍എസ്എസ് വാദിച്ചിരുന്നു.