അന്വേഷണസംഘത്തിന്റെ ആവശ്യം തള്ളി ആലുവ മജിസ്‌ട്രേറ്റ് കോടതി; ദിലീപിന്റെ ഫോണുകള്‍ തിരുവനന്തപുരത്തേക്ക് അയക്കും

 | 
Dileep

ദിലീപിന്റെ ഫോണുകള്‍ തിരുവനന്തപുരത്തെ ഫോറന്‍സിക് ലാബില്‍ അയക്കാന്‍ നിര്‍ദേശം നല്‍കി ആലുവ മജ്‌സ്‌ട്രേറ്റ് കോടതി. കോടതിയില്‍ ഫോണിന്റെ അണ്‍ലോക്ക് പാറ്റേണ്‍ പരിശോധിക്കണമെന്ന അന്വേഷണ സംഘത്തിന്റെ ആവശ്യം തള്ളിക്കൊണ്ടാണ് കോടതിയുടെ നടപടി. പ്രതികളുടെയോ അഭിഭാഷകന്റെയോ സാന്നിധ്യത്തില്‍ കോടതിയില്‍ വെച്ച് ഫോണുകള്‍ തുറന്നു പരിശോധിക്കണമെന്നായിരുന്നു അന്വേഷണസംഘം ആവശ്യപ്പെട്ടത്. 

ഈ ഘട്ടത്തില്‍ ഫോണുകള്‍ കോടതിയില്‍ വെച്ച് തുറക്കുകയോ അണ്‍ലോക്ക് പാറ്റേണുകള്‍ പരിശോധിക്കുകയോ ചെയ്യേണ്ടതില്ലെന്ന നിലപാടാണ് കോടതി സ്വീകരിച്ചത്. ഹൈക്കോടതി നിര്‍ദേശം അനുസരിച്ചാണ് ആലുവ മജിസ്‌ട്രേറ്റ് കോടതിയില്‍ ഫോണുകള്‍ എത്തിച്ചത്. ഫോണുകളുടെ അണ്‍ലോക്ക് പാറ്റേണുകള്‍ നല്‍കിയിട്ടില്ലെന്ന് പ്രോസിക്യൂഷന്‍ അറിയിച്ചത് അനുസരിച്ച് അവ ലഭ്യമാക്കാന്‍ പ്രതികള്‍ക്ക് നോട്ടീസ് നല്‍കിയെങ്കിലും ഫോണുകള്‍ ഇവിടെ വെച്ച് തുറക്കേണ്ടതില്ലെന്ന് പ്രതിഭാഗം നിലപാടെടുത്തു. ഈ വാദം കോടതി അംഗീകരിക്കുകയായിരുന്നു. 

ആറ് ഫോണുകളാണ് കോടതിയില്‍ എത്തിച്ചത്. ഇവയില്‍ നിന്നുള്ള ചാറ്റുകള്‍, കോള്‍ വിവരങ്ങള്‍ തുടങ്ങിയവ ശേഖരിക്കാനാണ് അന്വേഷണസംഘം ലക്ഷ്യമിടുന്നത്.