സംസ്ഥാനത്ത് പച്ചമുട്ടയില്‍ നിന്ന് ഉത്പാദിപ്പിക്കുന്ന മായോണൈസ് നിരോധിച്ചുകൊണ്ട് ഉത്തരവിറങ്ങി.

 | 
myonnaise

പച്ചമുട്ട ഉപയോഗിച്ച് നിര്‍മിക്കുന്ന മായോണൈസ് സംസ്ഥാനത്ത് നിരോധിച്ചുകൊണ്ട് ഉത്തരവിറങ്ങി. പച്ചമുട്ടകൊണ്ട് നിര്‍മിക്കുന്ന മായോണൈസിന്റെ ഉത്പാദനം, സംഭരണം, വില്‍പന എന്നിവ നിരോധിച്ചുകൊണ്ട് ഭക്ഷ്യസുരക്ഷാവകുപ്പ് ഉത്തരവിട്ടതായി മന്ത്രി വീണാ ജോര്‍ജ് അറിയിച്ചു. എഫ്.എസ്.എസ്.എ ആക്ട് പ്രകാരമാണ് നടപടി. 

ഹോട്ടല്‍, റെസ്റ്റോറന്റ്, ബേക്കറി, വഴിയോര കച്ചവടക്കാര്‍, കാറ്ററിംഗ് എന്നീ മേഖലകളിലെ സംഘടനാ പ്രതിനിധികളുമായുള്ള യോഗത്തില്‍ പച്ചമുട്ട കൊണ്ടുണ്ടാക്കുന്ന മയോണൈസ് ഒഴിവാക്കാമെന്ന് ധാരണയായിരുന്നു. ഇത്തരം മായോണൈസ് സമയബന്ധിതമായി ഉപയോഗിച്ചില്ലെങ്കില്‍ അപകടമാണെന്ന് കണ്ടെത്തിയിരുന്നു. 

ഭക്ഷ്യവിഷബാധയ്ക്ക് കാരണം നിര്‍മിച്ച് ഏറെ നേരം കഴിഞ്ഞ് ഉപയോഗിക്കുന്ന മായോണൈസ് ആണെന്ന് വ്യക്തമായിരുന്നു. സാന്‍ഡ്‌വിച്ചുകളിലും ഷവര്‍മകളിലും സാധാരണയായി ക്രീം സോസ് അല്ലെങ്കില്‍ ഡ്രസിംഗ് ആയി മയോണൈസ് ഉപയോഗിക്കുന്നുണ്ട്. ശരിയായ രീതിയില്‍ പാസ്ചറൈസ് ചെയ്യാതെ മയോണൈസ് ഉണ്ടാക്കി സൂക്ഷിച്ചാല്‍ സാല്‍മൊണെല്ല ബാക്ടീരിയ പെരുകാനും രോഗബാധയുണ്ടാകാനും സാധ്യതയുണ്ട്. 

വെജിറ്റബിള്‍ മായോണൈസ് അല്ലെങ്കില്‍ പാസ്ചറൈസ് ചെയ്ത മുട്ടയില്‍ നിന്ന് നിര്‍മിക്കുന്ന മായോണൈസ് ഉപയോഗിക്കുന്നതില്‍ വിലക്കില്ല. ഭക്ഷണ സാധനങ്ങള്‍ പൊതിഞ്ഞു നല്‍കുന്ന എല്ലാ സ്ഥാപനങ്ങളും ഭക്ഷണപ്പൊതികളില്‍ ഭക്ഷ്യ സുരക്ഷാ അറിയിപ്പ് സംബന്ധിച്ച സ്റ്റിക്കര്‍ പതിപ്പിക്കേണ്ടതാണെന്ന് ഭക്ഷ്യ സുരക്ഷാ വകുപ്പ് അറിയിപ്പ് പുറത്തിറക്കിയിട്ടുണ്ട്. ഭക്ഷണം പാകം ചെയ്ത തിയ്യതിയും സമയവും, ഏത് സമയം വരെ ആ ഭക്ഷണം കഴിക്കാം എന്നിവ സ്റ്റിക്കറിലുണ്ടായിരിക്കണമെന്നും നിബന്ധനയുണ്ട്.