വീണ്ടും ഭക്ഷ്യവിഷബാധാ മരണം; കാസര്‍കോട് കുഴിമന്തി കഴിച്ച പെണ്‍കുട്ടി മരിച്ചു

 | 
foodPoison

സംസ്ഥാനത്ത് ആറു ദിവസത്തിനിടെ വീണ്ടും ഭക്ഷ്യവിഷബാധാ മരണം. കാസര്‍കോട് തലക്ലായി സ്വദേശിയായ അഞ്ജുശ്രീ പാര്‍വതിയാണ് മരിച്ചത്. ഓണ്‍ലൈനില്‍ വാങ്ങിയ കുഴിമന്തി കഴിച്ചതിനു പിന്നാലെ ശാരീരിക അസ്വസ്ഥതകള്‍ ഉണ്ടാകുകയും മംഗളൂരുവിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സക്കിടെ മരിക്കുകയുമായിരുന്നു. കോട്ടയത്ത് നഴ്‌സ് രശ്മി രാജ് ഭക്ഷ്യവിഷബാധയേറ്റ് മരിച്ചത് കഴിഞ്ഞ തിങ്കളാഴ്ചയായിരുന്നു. അല്‍ഫഹം ചിക്കനില്‍ നിന്നാണ് രശ്മിക്ക് ഭക്ഷ്യവിഷബാധയേറ്റത്. 

രശ്മിയുടെ മരണത്തെ തുടര്‍ന്ന് സംസ്ഥാനത്ത് ഹോട്ടലുകളില്‍ പരിശോധന തുടരുന്നതിനിടെയാണ് സംഭവം. വിഷയത്തില്‍ കര്‍ശന നടപടി സ്വീകരിക്കുമെന്നും അന്വേഷണം നടത്തുമെന്നും ആരോഗ്യമന്ത്രി വീണാ ജോര്‍ജ് പറഞ്ഞു. മംഗളൂരുവില്‍ വിദ്യാര്‍ത്ഥിനിയായ അഞ്ജുശ്രീ അവധിക്ക് നാട്ടിലെത്തിയപ്പോള്‍ കഴിച്ച കുഴിമന്തിയാണ് ഭക്ഷ്യവിഷബാധയുണ്ടാക്കിയത്. പുതുവത്സരത്തലേന്ന് ഓണ്‍ലൈനില്‍ വാങ്ങിയ ഭക്ഷണം കുടുംബത്തില്‍ എല്ലാവരും കഴിച്ചിരുന്നു. 

കഴിച്ചവര്‍ക്കെല്ലാം അസ്വസ്ഥതകള്‍ ഉണ്ടായെങ്കിലും അഞ്ജുശ്രീയുടെ നില ഗുരുതരമായി. കാസര്‍കോട് ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ആരോഗ്യനില വഷളായതിനെത്തുടര്‍ന്ന് മംഗളൂരുവിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. സംഭവത്തില്‍ ബന്ധുക്കള്‍ നല്‍കിയ പരാതിയില്‍ അസ്വാഭാവിക മരണത്തിന് പോലീസ് കേസെടുത്തു.