മഹിളാ കോണ്‍ഗ്രസ് നേതാവ് വിബിത ബാബുവിനും പിതാവിനുമെതിരെ സാമ്പത്തിക തട്ടിപ്പിന് കേസ്.

 | 
Vibitha

പത്തനംതിട്ടയിലെ മഹിളാ കോണ്‍ഗ്രസ് ജില്ലാ നേതാവും കഴിഞ്ഞ തദ്ദേശ തെരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ത്ഥിയുമായിരുന്ന വിബിത ബാബുവിനും പിതാവിനുമെതിരെ സാമ്പത്തികത്തട്ടിപ്പിന് കേസ്. കോട്ടയം കടുത്തുരുത്തി പൂഴിക്കോല്‍ ജീസസ് ഭവനില്‍ മാത്യു സി.സെബാസ്റ്റ്യന്‍ നല്‍കിയ പരാതിയില്‍ തിരുവല്ല പോലീസാണ് കേസ് രജിസ്റ്റര്‍ ചെയ്തത്. അമേരിക്കയില്‍ താമസക്കാരനായ മാത്യു വസ്തു സംബന്ധമായ കേസിന്റെ നടപടികള്‍ക്കായി വിബിതയുടെയും പിതാവിന്റെയും അക്കൗണ്ടുകളിലേക്ക് 14 ലക്ഷം രൂപയോളം പല തവണയായി നല്‍കിയെന്നാണ് പരാതിയില്‍ പറയുന്നത്. 

തെരഞ്ഞെടുപ്പു സമയത്ത് തന്നോട് വിബിതയും പിതാവും സാമ്പത്തിക സഹായം തേടിയിരുന്നു. കേസില്‍ നടപടിയൊന്നും ഉണ്ടാകാത്തതിനെത്തുടര്‍ന്ന് താന്‍ പണം തിരികെ ചോദിച്ചെങ്കിലും ലഭിച്ചില്ലെന്നും പരാതിയില്‍ പറയുന്നു. അതേസമയം, മാത്യുവിനെതിരെ വിബിതയും പൊലീസില്‍ പരാതി നല്‍കി. ഓഫിസിലെത്തി തന്നെ കടന്നുപിടിക്കാന്‍ ശ്രമിച്ചെന്നും ഭീഷണിപ്പെടുത്തിയെന്നുമാണ് പരാതി. 

മാത്യു നല്‍കിയ പണത്തിന്റെ ഒരു ഭാഗം തനിക്കു ലഭിച്ച പ്രതിഫലമാണെന്നും ബാക്കി തുക ചാരിറ്റി പ്രവര്‍ത്തനങ്ങള്‍ക്കായി പരാതിക്കാരന്‍ സ്വയം സന്നദ്ധനായി കൈമാറിയതാണെന്നും വിബിത പറയുന്നു. വിബിതയുടെ പരാതിയില്‍ മാത്യുവിനെതിരെയും കേസെടുത്തു. തദ്ദേശ തെരഞ്ഞെടുപ്പില്‍ പത്തനംതിട്ട ജില്ലാ പഞ്ചായത്ത് മല്ലപ്പള്ളി ഡിവിഷനിലെ യുഡിഎഫ് സ്ഥാനാര്‍ഥിയായിരുന്നു വിബിത.