ആക്രമിക്കപ്പെട്ട നടിക്കെതിരേ സൈബര്‍ പ്രചാരണം; ഷോണ്‍ ജോര്‍ജിനെ ചോദ്യം ചെയ്യാന്‍ വിളിപ്പിച്ച് ക്രൈംബ്രാഞ്ച്

 | 
shone george

ആക്രമിക്കപ്പെട്ട നടിക്കെതിരെ സൈബര്‍ പ്രചാരണം നടത്തിയെന്ന ആരോപണത്തില്‍ പി.സി. ജോര്‍ജിന്റെ മകന്‍ ഷോണ്‍ ജോര്‍ജിനെ ക്രൈം ബ്രാഞ്ച് ചോദ്യം ചെയ്യാന്‍ വിളിപ്പിച്ചു. ചൊവ്വാഴ്ച കോട്ടയം ക്രൈംബ്രാഞ്ച് പോലീസ് സൂപ്രണ്ടിന്റെ ഓഫീസില്‍ വെച്ചാണ് ചോദ്യം ചെയ്യല്‍. രാവിലെ 11 മണിക്ക് കോട്ടയം ക്രൈംബ്രാഞ്ച് ഡെപ്യൂട്ടി പോലീസ് സൂപ്രണ്ട് എസ്.അമ്മിണിക്കുട്ടന് മുമ്പാകെ ഹാജരാകാനാണ് നിര്‍ദേശം.

കേസുമായി ബന്ധപ്പെട്ട് ഷോണ്‍ ജോര്‍ജിന്റെ വീട്ടില്‍ കഴിഞ്ഞ ആഴ്ച ക്രൈംബ്രാഞ്ച് റെയ്ഡ് നടത്തിയിരുന്നു. ഷോണ്‍ ജോര്‍ജും ദിലീപിന്റെ സഹോദരന്‍ അനൂപുമായുള്ള വാട്‌സാപ്പ് ചാറ്റിന്റെ വിവരങ്ങള്‍ ശേഖരിക്കുകയായിരുന്നു ലക്ഷ്യം. എറണാകുളം ക്രൈംബ്രാഞ്ച് എസ്.പി. മോഹനചന്ദ്രന്റെ നേതൃത്വത്തിലായിരുന്നു പരിശോധന.

വാട്സ്ആപ്പ് ഗ്രൂപ്പുമായി ബന്ധപ്പെട്ട ഒരു സ്‌ക്രീന്‍ ഷോട്ട് ഷോണ്‍ ജോര്‍ജിന്റെ ഫോണില്‍നിന്ന് നടന്‍ ദിലീപിന്റെ സഹോദരന്‍ അനൂപിന്റെ ഫോണിലേക്ക് പോയിരുന്നതായി ക്രൈംബ്രാഞ്ച് കണ്ടെത്തിയിരുന്നു. ഇതേത്തുടര്‍ന്ന് നടിക്കെതിരേ ആസൂത്രിത പ്രചാരണം നടത്താന്‍ വ്യാജ വാട്സ്ആപ്പ് ഗ്രൂപ്പുണ്ടാക്കിയെന്ന കേസ് ക്രൈംബ്രാഞ്ച് കൊച്ചി യൂണിറ്റ് രജിസ്റ്റര്‍ ചെയ്തിരുന്നു. റെയ്ഡില്‍ പിടിച്ചെടുത്ത മൊബൈല്‍ ഫോണ്‍, മെമ്മറി കാര്‍ഡ്, പെന്‍ഡ്രൈവ് എന്നിവ സംഘം പരിശോധനയ്ക്കായി കൊണ്ടുപോയിരുന്നു.

2019-ല്‍ ദിലീപിന്റെ സഹോദരന്‍, ഷോണ്‍ ജോര്‍ജിനെ വിളിച്ച ഫോണാണ് ക്രൈംബ്രാഞ്ച് തിരഞ്ഞത്. ഈ ഫോണ്‍ 2019-ല്‍ നഷ്ടപ്പെട്ടെന്നും ഇതുസംബന്ധിച്ച് കോട്ടയം എസ്.പി.ക്ക് പരാതിനല്‍കിയിരുന്നെന്നുമാണ് ഷോണ്‍ അറിയിച്ചത്.