ലതാ മങ്കേഷ്‌കറിന്റെ മരണം; രാജ്യത്ത് രണ്ടു ദിവസം ഔദ്യോഗിക ദുഃഖാചരണം

 | 
Lata Mangeshkar

ലതാ മങ്കേഷ്‌കറിന്റെ മരണത്തില്‍ രാജ്യത്ത് ഔദ്യോഗിക ദുഃഖാചരണം. രണ്ടു ദിവസമാണ് ദുഃഖാചരണം പ്രഖ്യാപിച്ചിരിക്കുന്നത്. ഇതിന്റെ ഭാഗമായി രണ്ടു ദിവസം ദേശീയപതാക പകുതി താഴ്ത്തും. എഎന്‍ഐയാണ് സര്‍ക്കാര്‍ വൃത്തങ്ങളെ ഉദ്ധരിച്ച് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്. രാഷ്ട്രപതി, പ്രധാനമന്ത്രി തുടങ്ങിയവര്‍ ലതയുടെ വിയോഗത്തില്‍ അനുശോചനം രേഖപ്പെടുത്തി. 

കോവിഡ് അനന്തര ചികിത്സയിലായിരുന്ന ലതാ മങ്കേഷ്‌കര്‍ ഇന്ന് രാവിലെയാണ് അന്തരിച്ചത്. കോവിഡ് ഭേദമായെങ്കിലും ന്യുമോണിയ ബാധിതയായതിനാല്‍ മുംബൈ ബ്രീച്ച് കാന്‍ഡി ആശുപത്രിയില്‍ ഐസിയുവില്‍ തുടരുകയായിരുന്നു. ആരോഗ്യനില ഗുരുതരമായതിനെ തുടര്‍ന്ന് ശനിയാഴ്ച ലതയെ വെന്റിലേറ്ററില്‍ പ്രവേശിപ്പിച്ചിരുന്നു. 

ജനുവരി 8നാണ് കോവിഡ് ബാധ സ്ഥിരീകരിച്ചത്. അന്നു മുതല്‍ ഐസിയുവില്‍ നിരീക്ഷണത്തിലായിരുന്നു. ഇന്ത്യയുടെ വാനമ്പാടി എന്ന് അറിയപ്പെടുന്ന ലതാ മങ്കേഷ്‌കര്‍ക്ക് 2001ല്‍ ഭാരതരത്‌ന പുരസ്‌കാരം ലഭിച്ചിരുന്നു. പദ്മഭൂഷണ്‍, പദ്മവിഭൂഷണ്‍, ദാദാ സാഹിബ് ഫാല്‍ക്കെ അവാര്‍ഡ് തുടങ്ങിയവയും ലതാ മങ്കേഷ്‌കര്‍ നേടിയിട്ടുണ്ട്.