അഹിന്ദുവായതിനാല്‍ മന്‍സിയ നൃത്തം അവതരിപ്പിക്കേണ്ട! ക്ഷണിച്ച് ചാര്‍ട്ട് ചെയ്ത പരിപാടി റദ്ദാക്കി കൂടല്‍മാണിക്യം ക്ഷേത്രഭാരവാഹികള്‍

 | 
Manziya

ക്ഷണിച്ച് ചാര്‍ട്ട് ചെയ്ത നൃത്തപരിപാടി അഹിന്ദുവായതില്‍ റദ്ദാക്കി കൂടല്‍മാണിക്യം ക്ഷേത്രഭാരവാഹികള്‍. ഭരതനാട്യം കലാകാരിയായ മന്‍സിയയൊണ് ക്ഷേത്രഭാരവാഹികള്‍ അപമാനിച്ചത്. ഏപ്രില്‍ 21നായിരുന്നു മന്‍സിയയുടെ നൃത്തം നടത്താനിരുന്നത്. ഈ വിവരം നോട്ടീസിലും നല്‍കിയിരുന്നു. ഇതിന് ശേഷമാണ് പരിപാടി നടത്താന്‍ സാധിക്കില്ലെന്ന് ഭാരവാഹികള്‍ മന്‍സിയയെ വിളിച്ച് അറിയിച്ചത്. ഫെയിസ്ബുക്ക് കുറിപ്പില്‍ മന്‍സിയ തന്നെയാണ് ഇക്കാര്യം അറിയിച്ചത്.

വിവാഹം കഴിഞ്ഞതോടെ ഹിന്ദുമതത്തിലേക്ക് മാറിയിരുന്നോ എന്നും ഫോണില്‍ വിളിച്ചയാള്‍ ചോദിച്ചതായും മന്‍സിയ കുറിച്ചു. വര്‍ഷങ്ങള്‍ക്ക് മുന്‍പ് ഗുരുവായൂര്‍ ഉത്സവത്തോട് അനുബന്ധിച്ച് തന്ന അവസരവും ഇതേ കാരണത്താല്‍ റദ്ദായിരുന്നുവെന്നും മന്‍സിയ വ്യക്തമാക്കി. 

മന്‍സിയയുടെ കുറിപ്പ് വായിക്കാം

കൂടല്‍മാണിക്യം ഉത്സവത്തോടനുബന്ധിച്ചുള്ള 'നൃത്തോല്‍സവത്തില്‍' 
ഏപ്രില്‍ 21 വൈകീട്ട് 4 to 5 വരെ ചാര്‍ട്ട് ചെയ്ത എന്റെ പരിപാടി നടത്താന്‍ സാധിക്കില്ല എന്ന വിവരം പറഞ്ഞുകൊണ്ട് ക്ഷേത്രഭാരവാഹികളില്‍ ഒരാള്‍ എന്നെ വിളിച്ചു. അഹിന്ദു ആയതു കാരണം അവിടെ കളിക്കാന്‍ സാധിക്കില്ലത്രേ.
നല്ല നര്‍ത്തകി ആണോ എന്നല്ല മതത്തിന്റെ അടിസ്ഥാനത്തില്‍ ആണ് എല്ലാ വേദികളും. വിവാഹം കഴിഞ്ഞതോടെ ഹിന്ദു മതത്തിലേക്ക് convert ആയോ എന്നൊരു ചോദ്യവും വന്നു കേട്ടോ. ഒരു മതവുമില്ലാത്ത ഞാന്‍ എങ്ങോട്ട് convert ആവാന്‍.. ഇത് പുതിയ അനുഭവം ഒന്നുമല്ല.
 വര്‍ഷങ്ങള്‍ക്ക് മുന്‍പ് ഗുരുവായൂര്‍ ഉത്സവത്തിനോടനുബന്ധിച്ച് എനിക്ക് തന്ന അവസരവും ഇതേ കാരണത്താല്‍ ക്യാന്‍സല്‍ ആയി പോയിരുന്നു. കലകളും കലാകാരരും മതവും ജാതിയുമായി കെട്ടിമറഞ്ഞു കൊണ്ടേയിരിക്കും. അതൊരു മതത്തിനു നിഷിദ്ധമാകുമ്പോള്‍ മറ്റൊരു മതത്തിന്റെ കുത്തക ആവുന്നു.
#മതേതര കേരളം ??
Nb: ഇതിലും വലിയ മാറ്റിനിര്‍ത്തല്‍ അനുഭവിച്ചു വന്നതാണ്. ഇതെന്നെ സംബന്ധിച്ച് ഒന്നുമല്ല. ഇവിടെ കുറിക്കുന്നത് കാലം ഇനിയും മാറിയില്ല എന്നു മാത്രമല്ല വീണ്ടും വീണ്ടും കുഴിയിലേക്കാണ്  പോക്കെന്ന് സ്വയം ഓര്‍ക്കാന്‍ വേണ്ടി മാത്രം..