കെ സുരേന്ദ്രന്റെ മകന്റെ നിയമനം അനധികൃതമെന്ന് ഇ പി ജയരാജന്‍; അന്വേഷിക്കണമെന്ന് ഡിവൈഎഫ്‌ഐ

 | 
Harikrishnan

ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്റെ മകന് രാജീവ് ഗാന്ധി സെന്റര്‍ ഫോര്‍ ബയോടെക്‌നോളജിയിയില്‍ ലഭിച്ച നിയമനം അനധികൃതമെന്ന് എല്‍ഡിഎഫ് കണ്‍വീനര്‍ ഇ പി ജയരാജന്‍. ഇക്കാര്യത്തില്‍ അന്വേഷണം വേണമെന്നും ജയരാജന്‍ ആവശ്യപ്പെട്ടു. സുരന്ദ്രന്റെ മകന് അനധികൃത നിയമനം നല്‍കിയതില്‍ അന്വേഷണം വേണമെന്ന് ഡിവൈഎഫ്‌ഐയും ആവശ്യപ്പെട്ടു. യോഗ്യതാ മാനദണ്ഡങ്ങള്‍ അട്ടിമറിച്ചു കൊണ്ടാണ് സുരേന്ദ്രന്റെ മകന് നിയമനം നല്‍കിയതെന്നും കേന്ദ്രസര്‍ക്കാര്‍ ഈ വിഷയത്തില്‍ മറുപടി പറയണമെന്നും ഡിവൈഎഫ്‌ഐ സംസ്ഥാന സെക്രട്ടറി വി കെ സനോജ് ആവശ്യപ്പെട്ടു. 

കേന്ദ്ര സര്‍ക്കാരിന്റെ കീഴിലെ സ്വയംഭരണ സ്ഥാപനമായ രാജീവ് ഗാന്ധി സെന്റര്‍ ഫോര്‍ ബയോടെക്‌നോളജിയിലെ ടെക്‌നിക്കല്‍ ഓഫീസര്‍ തസ്തികയിലാണ് കെ.സുരേന്ദ്രന്റെ മകന്‍ ഹരികൃഷ്ണന് നിയമനം ലഭിച്ചത്. ബിടെക്ക് അടിസ്ഥാന യോഗ്യതയാക്കി പ്രത്യേകം സൃഷ്ടിച്ച് ഒരു ഒഴിവിലേക്ക് നിയമനം നടത്തിയെന്നാണ് ആക്ഷേപം. കഴിഞ്ഞ വര്‍ഷം ഡിസംബര്‍ എട്ടിനാണ് ടെക്‌നിക്കല്‍ ഓഫീസര്‍ അടക്കം മൂന്ന് തസ്തികയിലേക്ക് കേന്ദ്രസര്‍ക്കാരിന് കീഴിലുള്ള രാജീവ് ഗാന്ധി സെന്റര്‍ ഫോര്‍ ബയോ ടെക്‌നോളജിയിലേക്ക് ഉദ്യോഗാര്‍ത്ഥികളെ ക്ഷണിച്ചത്. 

എപ്രില്‍ 25ന് രാവിലെ ജനറല്‍ ഒഎംആര്‍ പരീക്ഷ, പിന്നാലെ അന്ന് ഉച്ചയ്ക്ക് തന്നെ എഴുത്ത് പരീക്ഷ. ഇതില്‍ യോഗ്യത നേടിയ നാല് പേരെ ഏപ്രില്‍ 26ന് ലാബ് പരീക്ഷയ്ക്കും ക്ഷണിച്ചു. രണ്ട് ദിവസം കൊണ്ട് ധൃതി പിടിച്ച് പരീക്ഷാ നടപടികള്‍ പൂര്‍ത്തിയാക്കി. ഇനിയാണ് സംശയം ജനിപ്പിക്കുന്ന ആര്‍ജിസിബിയുടെ നീക്കം. ലാബ് പരീക്ഷയില്‍ പങ്കെടുത്ത നാല് പേരുടെ പട്ടികയില്‍  നിയമനം ലഭിച്ചത് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ.സുരേന്ദ്രന്റെ മകന്‍ ഹരികൃഷ്ണന്‍ കെ.എസിന്. റാങ്ക് പട്ടിക സംബന്ധിച്ചോ തുടര്‍നടപടികളെ കുറിച്ചോ പരീക്ഷ എഴുതിയ മറ്റു വിദ്യാര്‍ത്ഥികള്‍ അന്വേഷിച്ചിട്ടും പറയാന്‍ സ്ഥാപനം തയ്യാറായിട്ടില്ലെന്നാണ് ഉദ്യോഗാര്‍ത്ഥികള്‍ പറയുന്നത്.