പഞ്ചാബില്‍ വീണു, അനുകൂല സാഹചര്യങ്ങളും വോട്ടാക്കാനായില്ല; കോണ്‍ഗ്രസ് ഇനി ഈ രണ്ട് സംസ്ഥാനങ്ങളില്‍ മാത്രം

 | 
Congress

അഞ്ച് സംസ്ഥാനങ്ങളില്‍ നടന്ന തെരഞ്ഞെടുപ്പിന്റെ വോട്ടെണ്ണല്‍ പുരോഗമിക്കുമ്പോള്‍ കോണ്‍ഗ്രസിന്റെ സ്ഥിതി കൂടുതല്‍ ദയനീയമാകുന്നു. ഒരുകാലത്ത് ദേശീയ രാഷ്ട്രീയത്തില്‍ മഹാശക്തിയായിരുന്ന കോണ്‍ഗ്രസിന് പഞ്ചാബ് കൂടി നഷ്ടമാകുന്നതോടെ വെറും രണ്ടു സംസ്ഥാനങ്ങളിലേക്ക് മാത്രം ഒതുങ്ങേണ്ടി വന്നിരിക്കുകയാണ്. കര്‍ഷക സമരം വിജയിച്ചതിന്റെ ആനുകൂല്യം പോലും മുതലാക്കാന്‍ സാധിക്കാതെ പഞ്ചാബില്‍ വെറും 18 സീറ്റുകളില്‍ മാത്രമാണ് കോണ്‍ഗ്രസ് ലീഡ് ചെയ്യുന്നത്. നിലവില്‍ ഛത്തീസ്ഗഡ്, രാജസ്ഥാന്‍ എന്നീ സംസ്ഥാനങ്ങളില്‍ മാത്രമേ ഇനി കോണ്‍ഗ്രസ് ഭരണമുള്ളു.

ഉത്തര്‍പ്രദേശില്‍ 270 സീറ്റുകളില്‍ ലീഡ് ചെയ്തുകൊണ്ട് ബിജെപി ഭരണത്തുടര്‍ച്ചയിലേക്ക് എത്തുമ്പോള്‍ വെറും മൂന്നു സീറ്റുകളില്‍ മാത്രമാണ് കോണ്‍ഗ്രസിന് ലീഡുള്ളത്. പ്രിയങ്ക ഗാന്ധി നേരിട്ടിറങ്ങിയിട്ടും കോണ്‍ഗ്രസിന് കാര്യമായ നേട്ടമുണ്ടാക്കാന്‍ യുപിയില്‍ സാധിച്ചിട്ടില്ല. നാലാം സ്ഥാനമാണ് യുപിയില്‍ കോണ്‍ഗ്രസിനുള്ളത്. മണിപ്പൂരിലും 8 സീറ്റുകളില്‍ ലീഡുമായി കോണ്‍ഗ്രസ് നാലാം സ്ഥാനത്താണ്. പഞ്ചാബിലും ഗോവയിലും ഉത്തരാഖണ്ഡിലും രണ്ടാം സ്ഥാനത്തുണ്ടെങ്കിലും ദേശീയ തലത്തില്‍ കോണ്‍ഗ്രസിന്റെ തളര്‍ച്ച വ്യക്തമാണ്. 

പഞ്ചാബില്‍ മുഖ്യമന്ത്രിയായിരുന്ന അമരീന്ദറും ദേശീയ നേതൃത്വത്തിന്റെ ആശീര്‍വാദത്തോടെ സംസ്ഥാന നേതൃത്വത്തിലേക്ക് എത്തിയ നവജ്യോത് സിംഗ് സിദ്ദുവും തമ്മില്‍ നേതൃത്വ പദവിയെ ചൊല്ലിയുണ്ടായ തര്‍ക്കമാണ് സംസ്ഥാനത്ത് ഇത്രയും വലിയൊരു തകര്‍ച്ചയിലേക്ക് പാര്‍ട്ടിയെ എത്തിച്ചതെന്ന് പറയാം. പിന്നീട് ബിജെപിക്കൊപ്പം കൂടി പുതിയ പാര്‍ട്ടിയുണ്ടാക്കിയ അമരീന്ദറും തെരഞ്ഞെടുപ്പില്‍ പിന്തള്ളപ്പെട്ടിരിക്കുകയാണ്. ആം ആദ്മി ഇതോടെ പഞ്ചാബില്‍ ശക്തമായി മാറുകയും ചെയ്തു. 

ഡല്‍ഹിയുള്‍പ്പെടെ രണ്ടു സംസ്ഥാനങ്ങളില്‍ ഭരണവുമായി ആം ആദ്മി ദേശീയ തലത്തിലേക്ക് ഉയരുകയും കോണ്‍ഗ്രസ് രണ്ട് സംസ്ഥാനങ്ങളിലേക്ക് ചുരുങ്ങുകയും ചെയ്തു. ശക്തമായ നേതൃത്വമില്ലാത്ത കോണ്‍ഗ്രസ് വീണടിയുന്ന കാഴ്ചയ്ക്കാണ് അഞ്ചു സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പ് സാക്ഷ്യം വഹിക്കുന്നത്.