കോട്ടയത്തെ ഭക്ഷ്യവിഷബാധാ മരണം; നഗരസഭാ ഹെല്‍ത്ത് സൂപ്പര്‍വൈസര്‍ക്ക് സസ്പെന്‍ഷന്‍
കോട്ടയത്ത് ഭക്ഷ്യവിഷബാധയേറ്റ് നഴ്‌സ് മരിച്ച സംഭവത്തില്‍ മുനിസിപ്പാലിറ്റി ഹെല്‍ത്ത് സൂപ്പര്‍വൈസര്‍ക്ക് സസ്‌പെന്‍ഷന്‍. നവംബറില്‍ ഭക്ഷ്യവിഷബാധയ്ക്ക് കാരണമായ ഹോട്ടലിന് വീണ്ടും പ്രവര്‍ത്തിക്കാന്‍ അനുമതി നല്‍കിയതിനെ തുടര്‍ന്നാണ് നടപടി. ഹെല്‍ത്ത് സൂപ്പര്‍വൈസര്‍ എം.ആര്‍. സാനുവിനെ അന്വേഷണ വിധേയമായി സസ്പെന്‍ഡ് ചെയ്യാന്‍ തീരുമാനിച്ചതായി ചെയര്‍പേഴ്സണ്‍ ബിന്‍സി സെബാസ്റ്റ്യന്‍ അറിയിച്ചു.
സംക്രാന്തിയില്‍ പ്രവര്‍ത്തിക്കുന്ന മലപ്പുറം കുഴിമന്തി ഹോട്ടലിനെതിരെ നേരത്തേയും പരാതികള്‍ ഉയര്‍ന്നിരുന്നു. അന്ന് നിസാര നടപടികള്‍ മാത്രം സ്വീകരിച്ച് വീണ്ടും തുറന്നു പ്രവര്‍ത്തിക്കാന്‍ അനുമതി നല്‍കിയെന്നാണ് സാനുവിനെതിരെയുള്ള ആക്ഷേപം. ഡിസംബര്‍ 29ന് ഹോട്ടലില്‍ നിന്നുള്ള ഭക്ഷണം കഴിച്ചതിനെത്തുടര്‍ന്ന് അവശ നിലയിലായ രശ്മി രാജ് കഴിഞ്ഞ ദിവസമാണ് മരിച്ചത്. ഹോട്ടലിനെതിരെ നിരവധി പരാതികള്‍ ഉയര്‍ന്നിരുന്നു.
ആന്തരികാവയവങ്ങളിലുണ്ടായ അണുബാധ മൂലമാണ് രശ്മി രാജ് മരിച്ചതെന്ന് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടില്‍ പറഞ്ഞിരുന്നു. കരള്‍, വൃക്ക, ശ്വാസകോശം എന്നിവിടങ്ങളില്‍ അണുബാധയുണ്ടായി. രാസപരിശോധനയിലേ അണുബാധ ഏതു തരത്തിലുള്ളതാണെന്ന് സ്ഥിരീകരിക്കാനാകൂ.