ടാറ്റ സണ്‍സ് മുന്‍ ചെയര്‍മാന്‍ സൈറസ് മിസ്ത്രി വാഹനാപകടത്തില്‍ മരിച്ചു

 | 
Cyrus-Mistri

ടാറ്റ സണ്‍സ് മുന്‍ ചെയര്‍മാനായിരുന്ന സൈറസ് മിസ്ത്രി (54) വാഹനാപകടത്തില്‍ കൊല്ലപ്പെട്ടു. മുംബൈ പാല്‍ഘറിന് സമിപം ചരോട്ടിയില്‍ വെച്ച് അദ്ദേഹം സഞ്ചരിച്ചിരുന്ന കാര്‍ അപകടത്തില്‍ പെടുകയായിരുന്നു. മിസ്ത്രി സഞ്ചരിച്ച കാര്‍ ഡിവൈഡറില്‍ ഇടിക്കുകയായിരുന്നു. വെകീട്ട് 3.15 ഓടെ സൂര്യ നദിക്ക് കുറുകെയുള്ള പാലത്തിലായിരുന്നു അപകടം. 

മി്‌സ്ത്രിക്കൊപ്പം കാറില്‍ സഞ്ചരിക്കുകയായിരുന്ന മറ്റൊ
രാളും മരിച്ചു. ഡ്രൈവര്‍ അടക്കം മൂന്നു പേര്‍ മാത്രമായിരുന്നു കാറിലുണ്ടായിരുന്നത്. അഹമ്മദാബാദില്‍ നിന്ന് മുംബൈയിലേക്കുള്ള യാത്രയിലായിരുന്നു ഇവര്‍. മിസ്ത്രിയും കൂടെയുണ്ടായിരുന്നയാളും സംഭവസ്ഥലത്തു തന്നെ മരിച്ചു. ഇവര്‍ സഞ്ചരിച്ച കാറിന്റെ മുന്‍ ഭാഗം പൂര്‍ണ്ണമായും തകര്‍ന്നിട്ടുണ്ട്. 

രത്തന്‍ ടാറ്റ വിരമിച്ചതിന് പിന്നാലെ 2012ലാണ് സൈറസ് മിസ്ത്രി ടാറ്റ സണ്‍സിന്റെ ചെയര്‍മാന്‍ സ്ഥാനത്തെത്തിയത്. ടാറ്റ സണ്‍സിന്റെ ആറാം ചെയര്‍മാനായിരുന്നു അദ്ദേഹം. 2016 ഒക്ടോബര്‍ വരെ പദവിയില്‍ തുടര്‍ന്നു. പിന്നീട് അദ്ദേഹത്തെ ചെയര്‍മാന്‍ സ്ഥാനത്തു നിന്ന് പുറത്താക്കുകയായിരുന്നു. 

പുറത്താക്കിയതിന്റെ പേരില്‍ ടാറ്റ ഗ്രൂപ്പിനെതിരെ മിസ്ത്രി ദീര്‍ഘകാലം നിയമപോരാട്ടം നടത്തിയിരുന്നു. ഇന്ത്യയിലെ ഏറ്റവും വലിയ വ്യവസായ സ്ഥാപനങ്ങളിലൊന്നായ ഷപൂര്‍ജി പല്ലോന്‍ജി (എസ്പി) ഗ്രൂപ്പിന്റെ ചെയര്‍മാനായിരുന്ന പല്ലോന്‍ജി മിസ്ത്രിയുടെ ഇളയ മകനാണ്. എസ്പി ഗ്രൂപ്പിനാണ് നിലവില്‍ ടാറ്റ ഗ്രൂപ്പില്‍ ഏറ്റവും കൂടുതല്‍ ഷെയറുകള്‍ ഉള്ളത്. എന്‍. ചന്ദ്രശേഖരന്‍ ആണ് ടാറ്റ സണ്‍സിന്റെ നിലവിലുള്ള ചെയര്‍മാന്‍.