കൊച്ചി മെട്രോയുടെ രണ്ടാം ഘട്ടം നിര്‍മാണത്തിന് തറക്കല്ലിട്ടു; പേട്ട-എസ്എന്‍ ജംഗ്ഷന്‍ പാത ഉദ്ഘാടനം ചെയ്ത് പ്രധാനമന്ത്രി

 | 
Kochi Metro

കൊച്ചി മെട്രോയുടെ പേട്ട-എസ്എന്‍ ജംഗ്ഷന്‍ പാത പ്രധാനമന്ത്രി നരേന്ദ്രമോദി ഉദ്ഘാടനം ചെയ്തു. ഇതോടൊപ്പം മെട്രോ രണ്ടാംഘട്ട നിര്‍മാണ പ്രവര്‍ത്തനങ്ങളുടെ തറക്കല്ലിടലും പ്രധാനമന്ത്രി നിര്‍വഹിച്ചു. കോട്ടയം-എറണാകുളം ജംഗ്ഷന്‍ സ്പെഷ്യല്‍ ട്രെയിന്‍, കൊല്ലം-പുനലൂര്‍ സ്പെഷ്യല്‍ ട്രെയിന്‍ എന്നിവയുടെ ഫ്ളാഗോഫ്, റെയില്‍വെ വൈദ്യുതീകരണം, കുറുപ്പന്തറ-കോട്ടയം-ചിങ്ങവനം ഇരട്ടപ്പാത തുടങ്ങിയവയും ചടങ്ങില്‍ വെച്ച് നാടിന് സമര്‍പ്പിച്ചു. 

കൊച്ചി മെട്രോയുടെ പുതിയ ഘട്ടം വരുന്നതോടെ നഗര ഗതാഗതം ശക്തമാകും. വാഹനങ്ങളുടെ തിരക്കും മലിനീകരണവും കുറയും. കൊച്ചിയുടെ വികസനത്തിനു ദിശ നല്‍കും. വിമാനത്താവളം പോലെ മെട്രോ സ്റ്റേഷനുകളും റെയില്‍വേ സ്റ്റേഷനുകളും വികസിപ്പിച്ചു കൊണ്ടിരിക്കുകയാണ്. എറണാകുളം സൗത്ത്, എറണാകുളം നോര്‍ത്ത്, കൊല്ലം സ്റ്റേഷനുകള്‍ ആധുനിക രീതിയില്‍ വികസിപ്പിക്കുമെന്നും മോദി പറഞ്ഞു. കൊച്ചി മെട്രോയുടെ ഫേസ് 1എ, രണ്ടാംഘട്ട വികസനം എന്നിവ കേരളത്തിനു വലിയ നേട്ടങ്ങളുണ്ടാക്കുമെന്നും പുതിയ പദ്ധതികള്‍ കേരളത്തിനുള്ള ഓണസമ്മാനമാണെന്നും പ്രധാനമന്ത്രി കൂട്ടിച്ചേര്‍ത്തു. 

കഴിഞ്ഞ എട്ട് വര്‍ഷമായി നഗര ഗതാഗതത്തിന്റെ ഏറ്റവും പ്രധാന മാര്‍ഗമായി മെട്രോ റെയിലിനെ മാറ്റിത്തീര്‍ക്കാന്‍ കേന്ദ്രസര്‍ക്കാര്‍ പരിശ്രമിച്ച് കൊണ്ടിരിക്കുകയാണ്. റെയില്‍വേ പദ്ധതികള്‍ കേരളത്തിന്റെ ടൂറിസത്തേയും വ്യാപാരത്തേയും ശക്തിപ്പെടുമെന്നും കൊച്ചിയുടെ മുഖം മാറുമെന്നും പ്രധാനമന്ത്രി പറഞ്ഞു.