എയ്ഡഡ് കോളേജുകളില്‍ സ്ഥിരനിയമനം നടത്തണമെങ്കില്‍ സര്‍ക്കാര്‍ തസ്തിക സൃഷ്ടിക്കണം; ഹൈക്കോടതി

 | 
high court

എയ്ഡഡ് കോളേജുകളില്‍ സ്ഥിരനിയമനം നടത്തുന്നത് സര്‍ക്കാര്‍ അനുമതിയോടെ മാത്രമേ പാടുള്ളുവെന്ന് ഹൈക്കോടതി. പുതിയ കോഴ്‌സുകള്‍ക്ക് അനുമതി കിട്ടിയാലും സര്‍ക്കാര്‍ തസ്തിക സൃഷ്ടിച്ചാല്‍ മാത്രമേ സ്ഥിരനിയമനം നടത്താവൂ. അനുമതിയില്ലാതെ നിയമനം നടത്തിയാല്‍ അതിന് അംഗീകാരം നല്‍കാന്‍ സര്‍വകലാശാലകള്‍ക്കോ ശമ്പളം നല്‍കാന്‍ സര്‍ക്കാരിനോ ബാധ്യതയില്ലെന്നും ജസ്റ്റിസ് പി.ബി.സുരേഷ്‌കുമാര്‍, ജസ്റ്റിസ് സി.എസ്.സുധ എന്നിവരുള്‍പ്പെട്ട ഡിവിഷന്‍ ബെഞ്ച് വ്യക്തമാക്കി. 

കൊച്ചിന്‍ കോളേജ് നടത്തിയ നിയമനങ്ങളില്‍ സര്‍ക്കാര്‍ സമര്‍പ്പിച്ച അപ്പീല്‍ അനുവദിച്ചുകൊണ്ടാണ് കോടതി ഇക്കാര്യം വ്യക്തമാക്കിയത്. കോളേജിലെ പുതിയ രണ്ടു കോഴ്‌സുകളിലേക്കായി ഹിന്ദി, മലയാളം അസിസ്റ്റന്റ് പ്രൊഫസര്‍മാരെയാണ് നിയമിച്ചത്. അതേസമയം അത്യാവശ്യത്തിന് ഗസ്റ്റ് ലക്ചറര്‍മാരെ നിയമിക്കാന്‍ അനുവദിക്കാറുണ്ടെന്നും സര്‍ക്കാര്‍ തസ്തിക സൃഷ്ടിക്കാതെ സ്ഥിരനിയമനം നടത്തരുതെന്നുമാണ് അപ്പീലില്‍ സര്‍ക്കാര്‍ ആവശ്യപ്പെട്ടത്. 

സര്‍ക്കാരും എയ്ഡഡ് കോളജുകളുമായുള്ള ഡയറക്ട് പേയ്‌മെന്റ് സ്‌കീമിലെ കരാര്‍പ്രകാരം ശമ്പളം നല്‍കുന്നതിനു പകരമായി നിയമനങ്ങളില്‍ സര്‍ക്കാരിനു നിയന്ത്രണമുണ്ട്. സര്‍ക്കാരിനു ബാധ്യതയുണ്ടാക്കുന്ന കാര്യമാണെങ്കില്‍ സാമ്പത്തിക സ്ഥിതി കണക്കിലെടുത്തുള്ള തീരുമാനം വേണ്ടിവരുമെന്നു കോടതി പറഞ്ഞു. 2018 ജനുവരിയില്‍ നിയമനം നടത്തി സര്‍വകലാശാലയുടെ അനുമതി തേടിയ സംഭവത്തിലാണ് സര്‍ക്കാര്‍ അപ്പീല്‍ നല്‍കിയത്. 

ഇതുള്‍പ്പെടെയുള്ള തസ്തികകള്‍ സര്‍ക്കാര്‍ സൃഷ്ടിച്ച് ഉത്തരവിറക്കിയത് 2020 ഒക്ടോബര്‍ 30നാണ്. ഈ തിയതി മുതല്‍ മാത്രമേ നിയമനത്തിന് അംഗീകാരം നല്‍കാനാകൂ എന്ന് സര്‍വകലാശാല അറിയിച്ചതിനെത്തുടര്‍ന്ന് അധ്യാപകര്‍ ഹര്‍ജി നല്‍കി. കേസില്‍ അനുമതി ശുപാര്‍ശ പുനഃപരിശോധിക്കാന്‍ സിംഗിള്‍ ബെഞ്ച് സര്‍വകലാശാലയോട് നിര്‍ദേശിച്ചു. ഇതിനെതിരെയാണ് സര്‍ക്കാര്‍ അപ്പീല്‍ നല്‍കിയത്.