സര്‍ക്കാര്‍ ജീവനക്കാര്‍ പണിമുടക്കുന്നത് നിയമവിരുദ്ധം; ഇന്നുതന്നെ വിലക്കണമെന്ന് സര്‍ക്കാരിനോട് ഹൈക്കോടതി

 | 
High Court

സര്‍ക്കാര്‍ ജീവനക്കാര്‍ പണിമുടക്കുന്നത് നിയമവിരുദ്ധമെന്ന് ഹൈക്കോടതി. രണ്ടു ദിവസത്തെ ദേശീയ പണിമുടക്കിന്റെ പശ്ചാത്തലത്തിലാണ് കോടതിയുടെ പരാമര്‍ശം. ജീവനക്കാരുടെ പണിമുടക്ക് വിലക്കിക്കൊണ്ട് ഇന്നുതന്നെ ഉത്തരവിറക്കണമെന്നും ഹൈക്കോടതി സംസ്ഥാന സര്‍ക്കാരിന് നിര്‍ദേശം നല്‍കി. 

സര്‍ക്കാര്‍ ജീവനക്കാര്‍ പണിമുടക്കുന്നത് നിയമവിരുദ്ധമാണെന്നും ഇക്കാര്യം സര്‍വീസ് ചട്ടങ്ങളില്‍ വ്യക്തമാക്കിയിട്ടുണ്ടെന്നും കോടതി പറഞ്ഞു. പണിമുടക്കുന്ന ജീവനക്കാര്‍ക്കെതിരെ നടപടിയെടുക്കാത്തതില്‍ സര്‍ക്കാരിനെതിരായ അതൃപ്തിയും കോടതി അറിയിച്ചു. ജീവനക്കാര്‍ പണിമുടക്കില്‍ പങ്കെടുക്കുന്നത് തടയാന്‍ സര്‍ക്കാര്‍ നടപടികളൊന്നും സ്വീകരിച്ചിട്ടില്ല. 

ഇത് ശരിയായ രീതിയല്ലെന്നും ഇന്നു തന്നെ അടിയന്തരമായി ജീവനക്കാരുടെ സമരം വിലക്കിക്കൊണ്ട് ഉത്തരവിറക്കണമെന്നുമാണ് കോടതി നിര്‍ദേശിച്ചത്. ദേശീയ പണിമുടക്കില്‍ സര്‍ക്കാര്‍ ജീവനക്കാര്‍ പങ്കെടുക്കുന്നതിന് എതിരെ ലഭിച്ച പൊതുതാല്‍പര്യ ഹര്‍ജിയില്‍ ചീഫ് ജസ്റ്റിസ് എസ്.മണികുമാര്‍ അധ്യക്ഷനായ ബെഞ്ചാണ് നിര്‍ദേശം നല്‍കിയത്.