പ്രതിശ്രുത വധുവിന്റെ നഗ്നചിത്രങ്ങള്‍ വരന്‍ ഇന്‍സ്റ്റഗ്രാമിലിട്ടു; ഡോക്ടറെ യുവതി തല്ലിക്കൊന്നു

 | 
murder

വിവാഹം നിശ്ചയിച്ച യുവതിയുടെ നഗ്നദൃശ്യങ്ങള്‍ ഇന്‍സ്റ്റഗ്രാമിലിട്ട ഡോക്ടറെ യുവതതി തല്ലിക്കൊന്നു. ചെന്നൈ സ്വദേശിയായ ഡോ.വികാഷ് രാജന്‍ (27) ആണ് കൊല്ലപ്പെട്ടത്. ബംഗളൂരുവിലാണ് സംഭവം. പ്രതിശ്രുത വധുവും മൂന്നു സുഹൃത്തുക്കളും ചേര്‍ന്നാണ് ഇയാളെ തല്ലിക്കൊന്നത്. യുവതിയുടെ ചിത്രങ്ങള്‍ വികാഷ് സോഷ്യല്‍ മീഡിയയില്‍ പങ്കുവെക്കുകയും സുഹൃത്തുക്കള്‍ക്ക് കൈമാറുകയും ചെയ്തിരുന്നു. 

ചൂലുകളും കുപ്പിയും ഉപയോഗിച്ചുള്ള മര്‍ദ്ദനത്തിലാണ് യുവാവ് കൊല്ലപ്പെട്ടത്. കൊല്ലാന്‍ വേണ്ടിയല്ല മര്‍ദ്ദിച്ചതെന്നായിരുന്നു പ്രതികള്‍ പറഞ്ഞത്. വധുവും സുഹൃത്തുക്കളായ സുശീല്‍, ഗൗതം, സൂര്യ എന്നിവരും ചേര്‍ന്നാണ് കൃത്യം നടപ്പാക്കിയത്. പ്രതികളെല്ലാവരും ബിടിഎം ലേഔട്ടിലെ താമസക്കാരും ആര്‍ക്കിടെക്ടുമാരുമാണ്. ഇവരില്‍ സൂര്യ ഒളിവില്‍ പോയിരിക്കുകയാണ്. ഉക്രൈനില്‍ നിന്ന് മെഡിസിന്‍ പൂര്‍ത്തിയാക്കിയ വികാഷ് രണ്ടു വര്‍ഷം ചെന്നൈയില്‍ ജോലി ചെയ്തതിനു ശേഷമാണ് ബംഗളൂരുവില്‍ എത്തിയത്. 

രണ്ടു വര്‍ഷം പ്രണയിച്ചതിനു ശേഷമാണ് വികാഷും യുവതിയുമായുള്ള വിവാഹം നിശ്ചയിച്ചത്. ഇതിനിടെ സുഹൃത്തിന്റെ പേരില്‍ ആരംഭിച്ച വ്യാജ ഇന്‍സ്റ്റഗ്രാം അക്കൗണ്ടിലൂടെ യുവതിയുടെ നഗ്നചിത്രങ്ങള്‍ ഷെയര്‍ ചെയ്തുവെന്നാണ് ആരോപണം. സെപ്റ്റംബര്‍ എട്ടിന് യുവതി ചിത്രങ്ങള്‍ കണ്ടു. ഇതേപ്പറ്റി വികാഷിനോട് ചോദിച്ചപ്പോള്‍ തമാശയ്ക്ക് ചെയ്തുവെന്നായിരുന്നു മറുപടി. ഇതേച്ചൊല്ലി ഇരുവരും വഴക്കിടുകയും പിന്നീട് സഹപാഠിയായ സുശീലിനോട് യുവതി ഇക്കാര്യം പറയുകയും ചെയ്തു. 

ഇവരാണ് വികാഷിനെ ഒരു പാഠം പഠിപ്പിക്കാന്‍ തീരുമാനിച്ചത്. ഗൗതവും സൂര്യയും ഇവരുടെ കൂടെച്ചേര്‍ന്നു. പത്താം തിയതി വികാഷിനെ സുശീലിന്റെ വീട്ടില്‍ വിളിച്ചു വരുത്തിയ ശേഷമാണ് മര്‍ദ്ദിച്ചത്. ബോധം നഷ്ടമായ വികാഷിനെ ഇവര്‍ തന്നെ ആശുപത്രിയില്‍ എത്തിക്കുകയായിരുന്നു. ചികിത്സയിലിരിക്കെ വികാഷ് 14-ാം തിയതി മരിച്ചു.