കോവിഡ് നിയന്ത്രണങ്ങള്‍ കര്‍ശനമാക്കില്ലെന്ന് ആരോഗ്യമന്ത്രി; മാസ്‌ക് കൃത്യമായി ധരിക്കണം.

 | 
COVID

കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ സംസ്ഥാനത്ത് ജാഗ്രതാ നിര്‍ദേശം നല്‍കി ആരോഗ്യ വകുപ്പ്. മാസ്‌ക് കൃത്യമായി ധരിക്കണം. എല്ലാ ജില്ലകളിലും നിരീക്ഷണം ശക്തമാക്കാന്‍ ആരോഗ്യമന്ത്രി വീണാ ജോര്‍ജ് നിര്‍ദേശം നല്‍കി. വൈറസിന്റെ പുതിയ വകഭേദങ്ങള്‍ കണ്ടെത്താന്‍ ജനിതക ശ്രേണീകരണം നടത്തും. മുന്‍കരുതല്‍ എടുക്കാത്തവര്‍ വാക്‌സിന്‍ സ്വീകരിക്കണമെന്ന നിര്‍ദേശവും നല്‍കിയിട്ടുണ്ട്. 

സംസ്ഥാനത്തിന് പുറത്തു നിന്ന് വരുന്നവരെ കൃത്യമായി നിരീക്ഷിക്കും. ഇത്തരക്കാര്‍ക്ക് ആരോഗ്യ പ്രശ്‌നങ്ങള്‍ കണ്ടാല്‍ ചികിത്സ തേടണം. നിലവില്‍ പരിശോധനകള്‍ കുറവായതിനാലാണ് കേസുകളുടെ എണ്ണം കുറവായി റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നതെന്ന് വിലയിരുത്തുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ പരിശോധന കര്‍ശനമാക്കാനും നിര്‍ദേശം നല്‍കിയിട്ടുണ്ട്. 

നിയന്ത്രണങ്ങളുണ്ടെങ്കിലും അവ കര്‍ശനമാക്കാന്‍ ഉദ്ദേശിക്കുന്നില്ലെന്ന് ആരോഗ്യമന്ത്രി വ്യക്തമാക്കി. ക്രിസ്മസും പുതുവത്സരവും അടുത്തു വരുന്ന സാഹചര്യത്തില്‍ ആഘോഷങ്ങള്‍ നിയന്ത്രിക്കുന്നതടക്കമുള്ള നടപടികളിലേക്ക് പോകുന്നില്ല. ആളുകള്‍ വ്യക്തിപരമായ ജാഗ്രത പുലര്‍ത്തണമെ്ന്ന് വീണാ ജോര്‍ജ് പറഞ്ഞു.