ജോലി സമയത്ത് ഓണാഘോഷം വേണ്ടെന്ന് ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍; ഓണസദ്യ മാലിന്യത്തിലെറിഞ്ഞ് ശുചീകരണത്തൊഴിലാളികള്‍

 | 
Sadya

ജോലിസമയത്ത് ഓണം ആഘോഷിക്കാന്‍ അനുവദിക്കാത്തതില്‍ പ്രതിഷേധിച്ച് ഓണസദ്യ മാലിന്യത്തിലേക്ക് വലിച്ചെറിഞ്ഞ് ജീവനക്കാര്‍. തിരുവനന്തപുരം കോര്‍പ്പറേഷനിലെ ചാല സര്‍ക്കിളിലെ ഒരു വിഭാഗം ശുചീകരണ തൊഴിലാളികളാണ് അതിരുവിട്ട പ്രതിഷേധ പരിപാടി സംഘടിപ്പിച്ചത്. കഴിക്കാനായി തയാറാക്കിയ സദ്യ മാലിന്യത്തൊട്ടിയില്‍ കളയുകയായിരുന്നു. തിരുവനന്തപുരം കോര്‍പ്പറേഷന്‍ ഓഫീസുകളില്‍ ഇന്നലെയായിരുന്നു ഓണാഘോഷം. 

കോര്‍പ്പറേഷനിലെ ശുചീകരണ ജോലി കഴിഞ്ഞെത്തിയ സിഐടിയു നേതൃത്വത്തിലെ ഒരു വിഭാഗം ജീവനക്കാരാണ് മുപ്പതോളം ആളുകള്‍ക്ക് കഴിക്കാനുള്ള ആഹാരം നശിപ്പിച്ചത്. ഓണാഘോഷം തടയാന്‍ ഉദ്യോഗസ്ഥര്‍ ശ്രമിച്ചതിനുള്ള പ്രതിഷേധമാണ് നടത്തിയെന്നാണ് യൂണിയന്‍ നല്‍കുന്ന വിശദീകരണം. 

ഓഫീസ് പ്രവര്‍ത്തനത്തെ ബാധിക്കാത്ത രീതിയിലായിരിക്കണം ഓണാഘോഷം നടത്തേണ്ടതെന്ന് സെക്രട്ടറിയുടെ നിര്‍ദേശം ഉണ്ടായിരുന്നു. തൊഴിലാളികള്‍ രാവിലെ ആഘോഷം തുടങ്ങാന്‍ ശ്രമിച്ചു. എന്നാല്‍ ജോലി കഴിഞ്ഞ് മതി ആഘോഷമെന്ന് ഹെല്‍ത്ത് ഇന്‍സ്പെകടര്‍ നിര്‍ദേശിച്ചതാണ് ജീവനക്കാരെ ചൊടിപ്പിച്ചത്.